27/07/2026
[fontresizer_tawhidurrahmandear_widget]

വിദ്യാർത്ഥികൾക്ക് എതിരെയുള്ള കേസിൽ സിജെപിയുടെ നിയമസഹായം; 1 കോടി നൽകുമെന്ന് കപിൽ സിബൽ

 വിദ്യാർത്ഥികൾക്ക് എതിരെയുള്ള കേസിൽ സിജെപിയുടെ നിയമസഹായം; 1 കോടി നൽകുമെന്ന് കപിൽ സിബൽ

ന്യൂഡൽഹി: പ്രതിഷേധത്തിൽ പങ്കെടുത്ത് പോലീസിന്റെയും ഭരണകൂടത്തിന്റെയും നിയമനടപടികൾ നേരിടുന്ന വിദ്യാർഥികൾക്ക് സഹായവുമായി കോക്ക്‌റോച്ച് ജനതാ പാർട്ടി (സിജെപി). സമരങ്ങളിൽ പങ്കെടുത്തവർക്കെതിരായ കേസുകളിൽ ആവശ്യമായ നിയമസഹായം ഉറപ്പാക്കുന്നതിനായി അഡ്വക്കേറ്റുകളെയും ആവശ്യക്കാരെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രത്യേക ഓൺലൈൻ പോർട്ടൽ ആരംഭിക്കുമെന്ന് സിജെപി വക്താവ് സൗരവ് ദാസ് അറിയിച്ചു.

സിജെപി പ്രതിനിധികൾക്കൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്ത മുതിർന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ കപിൽ സിബൽ, ഈ സംരംഭത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. സിജെപിയുടെ ലീഗൽ ഫണ്ടിലേക്ക് സ്വന്തം നിലയിൽ ഒരു കോടി രൂപ നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. പൊതുജനങ്ങളിൽ നിന്നും ഇതിലേക്ക് സംഭാവനകൾ സ്വീകരിക്കുമെന്നും പിരിച്ചെടുക്കുന്ന മുഴുവൻ തുകയും സമരക്കാരുടെ നിയമപരമായ സംരക്ഷണത്തിനായി മാത്രമേ ഉപയോഗിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാരാഷ്ട്ര, ബിഹാർ, ബംഗാൾ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധങ്ങളിൽ പങ്കെടുത്ത് എഫ്.ഐ.ആറോ അറസ്‌റ്റോ നേരിട്ട വിദ്യാർത്ഥികൾക്ക് കൃത്യസമയത്ത് സൗജന്യമായോ കുറഞ്ഞ ചെലവിലോ നിയമസഹായം എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കില്ലെന്ന സർക്കാരിന്റെ ഉറപ്പ് ലംഘിക്കപ്പെടുകയാണെങ്കിൽ വീണ്ടും തെരുവിലിറങ്ങി ശക്തമായി പ്രതിഷേധിക്കുമെന്ന് സിജെപി മുന്നറിയിപ്പ് നൽകി.

Also read: