30/07/2026
[fontresizer_tawhidurrahmandear_widget]

സാബു എം. ജേക്കബുമായി ഭിന്നത: അഖിൽ മാരാർ ട്വന്റി-20 വിട്ടു

 സാബു എം. ജേക്കബുമായി ഭിന്നത: അഖിൽ മാരാർ ട്വന്റി-20 വിട്ടു

കൊച്ചി: പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ ട്വൻ്റി-20 വിട്ടു. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യമില്ലെന്നും മുന്നോട്ട് സഹകരിച്ച് പോകാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കാക്കര മണ്ഡലത്തിലെ എൻഡിഎ പിന്തുണയുള്ള ട്വൻ്റി-20 സ്ഥാനാർഥിയായിരുന്നു അഖിൽ മാരാർ.

ട്വന്റി-20 എന്നത് സാബു എം. ജേക്കബിൻ്റെ വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി മാത്രമുള്ള പ്രസ്ഥാനമാണെന്ന് അഖിൽ മാരാർ ആരോപിച്ചു. ജനകീയ വിഷയങ്ങളിൽ ഇടപെടാൻ ആവശ്യപ്പെടുമ്പോൾ നേതൃത്വം മൗനം പാലിക്കുകയാണെന്നും തെരഞ്ഞെടുപ്പിന് ശേഷം പല തവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാബു എം. ജേക്കബ് ഫോൺ എടുക്കാൻ പോലും തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊട്ടാരക്കര സീറ്റ് വാഗ്ദാനം ചെയ്താണ് തന്നെ പാർട്ടിയിലേക്ക് കൊണ്ടുവന്നതെന്നും പിന്നീട് തൃപ്പൂണിത്തുറ നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ച ശേഷമാണ് പാർട്ടിക്ക് കാര്യമായ സ്വാധീനമില്ലാത്ത തൃക്കാക്കരയിൽ സ്ഥാനാർഥിയാക്കിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. പ്രചാരണത്തിന് ആളുകളില്ലാത്ത അവസ്ഥയായിരുന്നു അവിടെയെന്നും അദ്ദേഹം തുറന്നടിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു എൻഡിഎ ഘടകകക്ഷിയായ ട്വൻ്റി-20യിൽ അഖിൽ മാരാർ അംഗത്വമെടുത്തത്.

Also read: