29/07/2026
[fontresizer_tawhidurrahmandear_widget]

’28-ാം വയസിൽ എനിക്ക് രണ്ട് ദേശീയ പുരസ്‌കാരങ്ങളുണ്ടായിരുന്നു, നിങ്ങൾ പൂർണമായും തൊഴിലില്ലാത്ത ആളാണ്, ആദ്യം എന്തെങ്കിലും ഒരു കഴിവ് പഠിക്കൂ’; സിജെപി നേതാവ് സൗരവ് ദാസിനെതിരെ വീണ്ടും കങ്കണ റണാവത്

 ’28-ാം വയസിൽ എനിക്ക് രണ്ട് ദേശീയ പുരസ്‌കാരങ്ങളുണ്ടായിരുന്നു, നിങ്ങൾ പൂർണമായും തൊഴിലില്ലാത്ത ആളാണ്, ആദ്യം എന്തെങ്കിലും ഒരു കഴിവ് പഠിക്കൂ’; സിജെപി നേതാവ് സൗരവ് ദാസിനെതിരെ വീണ്ടും കങ്കണ റണാവത്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടന്ന വിദ്യാർത്ഥി സമരത്തിന് പിന്നാലെ സി.ജെ.പി വക്താവ് സൗരവ് ദാസും ബി.ജെ.പി എം.പിയും നടിയുമായ കങ്കണ റണാവത്തും തമ്മിലുള്ള വാക്പോര് തുടരുന്നു. സൗരവ് ദാസിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കങ്കണ.

ആദ്യം എന്തെങ്കിലും ഒരു കഴിവ് പഠിച്ചെടുക്കാനാണ് സൗരവ് ദാസിനെ കങ്കണ ഉപദേശിക്കുന്നത്. തനിക്ക് ഇരുപത്തിയെട്ടാം വയസ്സിൽ തന്നെ രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നതായി കങ്കണ ഓർമ്മിപ്പിച്ചു. സിനിമാ സംവിധായിക, അഭിനേത്രി, നിർമാതാവ്, തിരക്കഥാകൃത്ത്, സംരംഭക എന്നീ നിലകളിൽ താൻ വർഷങ്ങളായി പൊതുജീവിതത്തിൻ്റെ ഭാഗമാണെന്നും അവർ വ്യക്തമാക്കി. നിങ്ങളുടെ പ്രശ്നങ്ങൾ തികച്ചും വ്യക്തിപരമാണെന്നും, നിങ്ങൾ ഒരു വിദ്യാർത്ഥിയല്ലെന്നും പൂർണമായും തൊഴിലില്ലാത്ത ഒരാളാണെന്നും കങ്കണ സമൂഹമാധ്യമത്തിൽ കുറിച്ചു. ആദ്യം ഏതെങ്കിലും ഒരു കഴിവ് പഠിച്ചു തുടങ്ങാനാണ് അവർ സൗരവിനോട് ആവശ്യപ്പെട്ടത്.

കങ്കണയുടെ മുൻ പ്രസ്താവനകൾക്കെതിരെ സൗരവ് ദാസ് ശക്തമായി പ്രതികരിച്ചതിന് പിന്നാലെയാണ് നടിയുടെ പുതിയ മറുപടി. സ്വന്തം പാർട്ടിയിലെ നേതാക്കൾ പോലും കങ്കണയെ ഗൗരവമായി കാണുന്നില്ലെന്നായിരുന്നു സൗരവ് ദാസ് പരിഹസിച്ചത്. എം.പിയായതിന് ശേഷം ജോലിഭാരത്തെക്കുറിച്ച് അവർ നടത്തിയ പരാമർശങ്ങൾ തന്നെ അവരുടെ സമീപനം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു. നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ നടന്ന വിദ്യാർത്ഥി സമരത്തിൽ പ്രതിഷേധക്കാർ ഉപയോഗിച്ച ഭാഷയും ശൈലിയും സമൂഹത്തിന് അംഗീകരിക്കാനാകില്ലെന്ന് കങ്കണ നേരത്തെ പറഞ്ഞിരുന്നു.

സമരവുമായി ബന്ധപ്പെട്ട വീഡിയോകളെ ‘വെറുപ്പുളവാക്കുന്നവ’ എന്നാണ് അവർ വിശേഷിപ്പിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യവുമായി സി.ജെ.പി നയിച്ച സമരത്തിനൊടുവിൽ അദ്ദേഹം രാജിവെച്ചതോടെയാണ് പ്രതിഷേധങ്ങൾക്ക് ശമനമായത്. എന്നാൽ ഇതിന് പിന്നാലെയും ഇരുവിഭാഗവും തമ്മിലുള്ള രാഷ്ട്രീയ വാക്പോര് ഇപ്പോഴും തുടരുകയാണ്.

Also read: