‘മൂന്ന് വർഷം സംഘിയെന്ന് വിളിച്ചു, എന്നിട്ടും എന്താ ബിജെപിയിൽ ചേരാഞ്ഞതെന്ന് ആരെങ്കിലും ചിന്തിച്ചോ?’; അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറല്ലെന്ന് അഖിൽ മാരാർ
കൊട്ടാരക്കര: സ്വന്തം നിലപാടുകളിലും രാഷ്ട്രീയ തീരുമാനങ്ങളിലും വീണ്ടും വിശദീകരണവുമായി സംവിധായകൻ അഖിൽ മാരാർ. ട്വന്റി 20 അംഗത്വം രാജിവെച്ച് പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബിനും എൻഡിഎ സഖ്യത്തിനുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ്, തന്റെ നിലപാട് മാറ്റങ്ങളെ ന്യായീകരിച്ച് അഖിൽ ഫേസ്ബുക്കിൽ കുറിപ്പിട്ടത്.
തന്റെ അഭിപ്രായങ്ങൾ മാറുന്നത് സാഹചര്യത്തോടും സത്യത്തോടും ചേർന്നുകൊണ്ടാണെന്നും ഏത് വിഷയത്തിലും സത്യത്തിനൊപ്പമേ നിലകൊള്ളൂ എന്നും അഖിൽ മാരാർ വ്യക്തമാക്കി. മഹാത്മാഗാന്ധിയുടെ വാക്കുകൾ ഉദ്ധരിച്ചാണ് തന്റെ നിലപാടുകളെ അദ്ദേഹം ന്യായീകരിച്ചത്. മൂന്ന് വർഷം ‘സംഘി’ എന്ന് വിളിച്ചിട്ടും താൻ ബിജെപിയിൽ ചേരാഞ്ഞതും തെരഞ്ഞെടുപ്പിൽ സ്വതന്ത്ര ചിഹ്നം തെരഞ്ഞെടുത്തതും എന്തുകൊണ്ടാണെന്ന് ചിന്തിച്ചാൽ കാര്യങ്ങൾ വ്യക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കായി പ്രവർത്തിക്കാനും തെറ്റുകളെ ചോദ്യം ചെയ്യാനുമാണ് അധികാരം ആഗ്രഹിച്ചതെന്നും വർഗീയതയോ വിഭാഗീയതയോ പ്രചരിപ്പിക്കാനല്ലെന്നും കുറിപ്പിൽ പറയുന്നു.
ചതിച്ചവരുടെ കൂടെ അഡ്ജസ്റ്റ് ചെയ്തു നിൽക്കാൻ തയ്യാറല്ലെന്നും മറ്റുള്ളവർ എന്ത് കരുതുന്നു എന്നത് തന്റെ വിഷയമല്ലെന്നും അഖിൽ തുറന്നടിച്ചു. തനിക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യും. തൻ്റെ പ്രവർത്തി മറ്റൊരാളെ വേദനിപ്പിക്കുമ്പോൾ മാത്രമേ മാപ്പ് പറയൂ എന്നും സത്യം തന്റെ ഭാഗത്തുള്ളപ്പോൾ പ്രകൃതി ചേർത്തുപിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വന്തം നിലപാട് മാറ്റങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, സിപിഎം, ബിജെപി തുടങ്ങിയവരുടെ മുൻകാല തീരുമാനങ്ങളുമായി താരതമ്യം ചെയ്താണ് അഖിൽ ന്യായീകരിച്ചത്. തീരുമാനങ്ങൾക്ക് പിന്നിൽ സാഹചര്യങ്ങളാണെന്നും സത്യത്തിന് ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് മുന്നിലും അഖിൽ മാരാർ തന്റെ അമർഷം വ്യക്തമാക്കിയിരുന്നു. എൻഡിഎ സ്ഥാനാർഥിയായതോടെ വലിയ വ്യക്തിപരമായ നഷ്ടങ്ങളും 70,000ത്തോളം ഫോളോവേഴ്‌സിനെയും നഷ്ടപ്പെട്ടു. സ്ഥാനാർഥികളിൽ തനിക്കും അഞ്ജലിക്കും മാത്രമാണ് വലിയ ബാധ്യതകൾ ഉണ്ടായതെന്നും സാമ്പത്തിക പിന്തുണയോ കൃത്യമായ പ്രചാരണ സഹായമോ ട്വന്റി 20യുടെ ഭാഗത്തുനിന്ന് ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. അച്ഛന്റെ കാൻസർ ചികിത്സയ്ക്കും യാത്രയ്ക്കുമായി ഇലക്ട്രിക് വാഹനം വാങ്ങിയപ്പോൾ തെരഞ്ഞെടുപ്പ് ഫണ്ട് കിട്ടിയെന്ന രീതിയിൽ ദുഷ്പ്രചാരണമുണ്ടായെന്നും തനിക്ക് നിലവിൽ മൂന്ന് കോടി രൂപയുടെ സമ്പാദ്യമുണ്ടെന്നും അഖിൽ മാരാർ വ്യക്തമാക്കി. ഇനി ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.