മരണത്തിനും മായ്ക്കാനാകാത്ത സൗഹൃദം; പ്രിയസുഹൃത്ത് മഹ്മൂദിന്റെ ഖബറിടത്തിൽ ദിവസവുമെത്തുന്ന കൃഷ്ണൻ
കാസർകോട്: മരണത്തിന്റെ വേർപാടിനും മായ്ക്കാനാകാത്ത അപൂർവ്വ സൗഹൃദത്തിന്റെ കഥ പറയുകയാണ് കാസർകോട് കുമ്പള പേർവാടിലെ കൃഷ്ണനും മഹ്മൂദും. വേർപിരിഞ്ഞ് രണ്ടര വർഷം പിന്നിട്ടിട്ടും, പ്രിയസുഹൃത്ത് മഹ്മൂദിന്റെ ഓർമ്മകൾ ഉറങ്ങുന്ന ഖബറിടത്തിലേക്ക് ദിവസവും തെറ്റാതെ എത്തുമ്പോൾ കൃഷ്ണന് പറയാനുള്ളത് മതങ്ങൾക്കതീതമായ സ്നേഹബന്ധത്തിന്റെ കഥയാണ്.
കുമ്പളയിൽ തുണിക്കച്ചവടക്കാരനായിരുന്ന മഹ്മൂദും കൃഷ്ണനും തമ്മിൽ ദീർഘകാലത്തെ ആത്മബന്ധമാണുണ്ടായിരുന്നത്. ദിവസവും ഉച്ചയ്ക്കും വൈകുന്നേരവും ഫോണിൽ സംസാരിക്കുകയും, രാത്രി കടയടച്ച ശേഷം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് ഇവരുടെ പതിവായിരുന്നു. എന്നാൽ, മഹ്മൂദിന്റെ അപ്രതീക്ഷിത വേർപാട് കൃഷ്ണനെ വലിയ ആഘാതത്തിലാഴ്ത്തി. വേർപാടിന്റെ സങ്കടത്താൽ ഒരാഴ്ചയോളം കൃഷ്ണന് ഭക്ഷണം പോലും കഴിക്കാൻ സാധിച്ചിരുന്നില്ല.
തന്റെ പ്രിയസുഹൃത്തിന്റെ ഓർമ്മ നിലനിർത്താൻ മൊഗ്രാൽ കൊപ്പളം ജുമാ മസ്ജിദിലെ മഹ്മൂദിന്റെ ഖബറിടത്തിൽ ദിവസവുമെത്തുന്ന കൃഷ്ണൻ, അവിടെ പൂക്കൾ അർപ്പിക്കുകയും സുഗന്ധതിരികൾ കത്തിച്ച് പ്രാർത്ഥിക്കുകയും ചെയ്ത ശേഷമാണ് മടങ്ങുന്നത്. ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾക്കപ്പുറം ഇരുവരും കാത്തുസൂക്ഷിച്ച ബന്ധം നാട്ടുകാർക്കും മാതൃകയാവുകയാണ്.