ഇടുക്കി അടൂർമല ഉരുൾപൊട്ടലിൽ കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; ആറ് ജില്ലകളിൽ റെഡ് അലർട്ട്
ഇടുക്കി: ജില്ലയിലുണ്ടായ ശക്തമായ മഴയിലും ഉരുൾപൊട്ടലിലും കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കുടയത്തൂർ അടൂർമലയിൽ പുലർച്ചെ രണ്ട് മണിയോടെയുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ മഷിക്കല്ലേൽ സുമതിയാണ് മരിച്ചത്. അപകടത്തിൽ വീട് പൂർണമായും മണ്ണിനടിയിലായിരുന്നു. സുമതിയുടെ ഭർത്താവ് രവിയും മകൻ രതീഷും അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും സുമതി കുടുങ്ങിപ്പോകുകയായിരുന്നു. ഫയർഫോഴ്സും പ്രാദേശികവാസികളും ചേര്ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.
ഇടുക്കിക്ക് പുറമേ കോട്ടയം ജില്ലയിലെ കൂട്ടിക്കൽ (കൊടുങ്ങ), കൊക്കയാർ, മൂന്നിലവ് എന്നിവിടങ്ങളിലും ഉരുൾപൊട്ടലുണ്ടായി. പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് വീടിന് മുകളിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീണു. ഇടുക്കി ഉപ്പുതറ മത്തായിപ്പാറയിൽ പൊലീസ് ജീപ്പിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണെങ്കിലും ഉദ്യോഗസ്ഥർ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.
എട്ട് ജില്ലകളിൽ റെഡ് അലർട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലാക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്.
കനത്ത മഴയെ തുടർന്ന് മലപ്പുറം, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട്, പാലക്കാട് എന്നീ ആറ് ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.