03/08/2026
[fontresizer_tawhidurrahmandear_widget]

‘ബിജെപി അധികാരത്തിൽ വന്നതോടെ യുപിയിൽ 26,000 ത്തിലധികം സ്കൂളുകൾ അടച്ചുപൂട്ടി; പിന്നാക്ക, ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുക ലക്ഷ്യം’: അഖിലേഷ് യാദവ്

 ‘ബിജെപി അധികാരത്തിൽ വന്നതോടെ യുപിയിൽ 26,000 ത്തിലധികം സ്കൂളുകൾ അടച്ചുപൂട്ടി; പിന്നാക്ക, ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുക ലക്ഷ്യം’: അഖിലേഷ് യാദവ്

ലഖ്‌നൗ: ഉത്തർപ്രദേശിൽ 2017-ൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 26,000ത്തിലധികം സ്‌കൂളുകൾ അടച്ചുപൂട്ടിയെന്ന ഗുരുതര ആരോപണവുമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ദളിത്, ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് സർക്കാർ ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടി ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ആരംഭിക്കുന്ന നിയമസഭാ വർഷകാല സമ്മേളനത്തിൽ സ്‌കൂളുകൾ അടച്ചുപൂട്ടിയ വിഷയം സമാജ്‌വാദി പാർട്ടി ശക്തമായി ഉന്നയിക്കും. ഇതിനുപുറമെ, ചോദ്യപേപ്പർ ചോർച്ച, തകർന്ന ക്രമസമാധാന നില, വിദ്യാഭ്യാസം, അഴിമതി തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടി പാർട്ടി എം.എൽ.എമാർ പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2017 മാർച്ച് വരെ സംസ്ഥാനത്ത് 1,13,938 സർക്കാർ പ്രൈമറി സ്‌കൂളുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ബി.ജെ.പി ഭരണത്തിൽ ഇതിൽ 26,000 സ്‌കൂളുകൾക്കും താഴുവീണു. ലഖിംപൂർ ഖേരിയിലാണ് ഏറ്റവും കൂടുതൽ സ്‌കൂളുകൾ പൂട്ടിയത് (758). തൊട്ടുപിന്നാലെ സീതാപൂരിൽ 650 ഉം പ്രയാഗ്രാജിൽ 638 ഉം സ്‌കൂളുകൾ പൂട്ടി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വന്തം ജില്ലയായ ഗോരഖ്പൂരിൽ മാത്രം അഞ്ഞൂറോളം പ്രൈമറി സ്‌കൂളുകളാണ് അടച്ചുപൂട്ടിയത്. സർക്കാർ പ്രൈമറി സ്‌കൂളുകളിൽ പഠിക്കുന്നവരിൽ ഭൂരിഭാഗവും മറ്റ് പിന്നാക്ക, പട്ടികജാതി വിഭാഗങ്ങളിൽ നിന്നുള്ളവരാണെന്നും, പി.ഡി.എ സമുദായങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നത് ബി.ജെ.പി ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

സ്‌കൂളുകൾ പൂട്ടിയതോടെ വിദ്യാർത്ഥികളുടെ എണ്ണത്തിലും വലിയ ഇടിവുണ്ടായി. 2017-ൽ 1.17 കോടി കുട്ടികൾ പ്രവേശനം നേടിയിരുന്ന സ്ഥാനത്ത് 2026 ആയപ്പോഴേക്കും അത് ഏകദേശം 89 ലക്ഷമായി ചുരുങ്ങി. ഈ 89 ലക്ഷം വിദ്യാർത്ഥികളിൽ 25 ലക്ഷത്തോളം പേർ ഒ.ബി.സി, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ പെട്ടവരാണ്. അധ്യാപകരുടെ എണ്ണത്തിലും ഈ കുറവ് പ്രകടമാണ്. 2017-ൽ നാല് ലക്ഷത്തോളമുണ്ടായിരുന്ന അധ്യാപകർ നിലവിൽ 3.40 ലക്ഷമായി കുറഞ്ഞു. ഏതാണ്ട് 81,000 അധ്യാപക തസ്തികകളാണ് ഇപ്പോൾ ഒഴിഞ്ഞുകിടക്കുന്നത്. സ്ഥിരനിയമനം നടത്തിയാൽ അതിന് പ്രത്യേക ബജറ്റ് വിഹിതം കണ്ടെത്തേണ്ടിവരുമെന്നും സംവരണ നയങ്ങൾ പാലിക്കേണ്ടി വരുമെന്നും ഭയന്നാണ് സർക്കാർ തസ്തികകൾ വെട്ടിച്ചുരുക്കുന്നതെന്ന് അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്. 2017 മാർച്ചിൽ 61.57 ലക്ഷം പെൺകുട്ടികൾ ഇത്തരം സ്‌കൂളുകളിൽ പഠിച്ചിരുന്നെങ്കിൽ ഇന്നത് 45 ലക്ഷമായി കൂപ്പുകുത്തി.

അടച്ചുപൂട്ടാത്ത സ്‌കൂളുകളിലാകട്ടെ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത അവസ്ഥയാണുള്ളത്. ഏഴായിരത്തോളം സ്‌കൂളുകളിൽ ഇപ്പോഴും വൈദ്യുതി എത്തിയിട്ടില്ല. 2,300 സ്‌കൂളുകളിൽ പെൺകുട്ടികൾക്ക് ഉപയോഗിക്കാൻ ടോയ്‌ലറ്റുകളില്ല. 576 സ്‌കൂളുകളിൽ കുടിവെള്ള സൗകര്യമില്ലാത്തപ്പോൾ, 23,000-ത്തോളം സ്‌കൂളുകളിൽ കമ്പ്യൂട്ടർ പഠനത്തിനുള്ള യാതൊരു സംവിധാനവുമില്ല. വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക്, അധ്യാപക ഒഴിവുകൾ, മോശം അടിസ്ഥാന സൗകര്യങ്ങൾ, സ്‌കൂളുകൾ അടച്ചുപൂട്ടൽ തുടങ്ങിയവ നിയമസഭയിൽ വലിയ ചർച്ചയാക്കാനാണ് സമാജ്‌വാദി പാർട്ടിയുടെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: