കോട്ടയത്ത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി
കോട്ടയം: ശക്തമായ മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ കാണാതായി. മണർകാട് നാലുമണിക്കാറ്റ് പറമ്പുകര സ്വദേശി ശരൺ (30) നെയാണ് കാണാതായത്. കഴിഞ്ഞദിവസം രാത്രിയോടെ പ്രദേശത്ത് വലിയ അളവിൽ വെള്ളം ഉയർന്നതിനെത്തുടർന്നാണ് വീടിനു സമീപത്തുണ്ടായിരുന്ന വാട്ടർ ടാങ്ക് ഒലിച്ചുപോയത്. ഇത് പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടയിലാണ് ശരൺ അപകടത്തിൽപ്പെട്ടത്.
കാണാതായ യുവാവിനായി ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. മീനച്ചിലാറും മണിമലയാറും കരകവിഞ്ഞൊഴുകിയതോടെ കോട്ടയം എംസി റോഡ് ഉൾപ്പെടെയുള്ള പ്രധാന പാതകളിൽ രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്.
നിലവിൽ ജില്ലയിൽ മഴ മാറിനിൽക്കുന്നത് ആശ്വാസമേകുന്നുണ്ടെങ്കിലും പല പ്രദേശങ്ങളും ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ്. ദുരിതബാധിതരായ ആളുകളെ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.