06/08/2026
[fontresizer_tawhidurrahmandear_widget]

‘ഉമർ ഖാലിദും ഷർജീൽ ഇമാമും വർഷങ്ങളായി ജയിലിൽ, ഞാനും അവരെപ്പോലെ, സുപ്രീം കോടതിയെ സമീപിക്കും’- പീഡനക്കേസിൽ ശിക്ഷിച്ചതിന് പിന്നാലെ തരുൺ തേജ്പാൽ

 ‘ഉമർ ഖാലിദും ഷർജീൽ ഇമാമും വർഷങ്ങളായി ജയിലിൽ, ഞാനും അവരെപ്പോലെ, സുപ്രീം കോടതിയെ സമീപിക്കും’- പീഡനക്കേസിൽ ശിക്ഷിച്ചതിന് പിന്നാലെ തരുൺ തേജ്പാൽ

പനജി: സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ പത്ത് വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടതിന് പിന്നാലെ വിചിത്ര വാദങ്ങളുമായി തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാൽ. വർഷങ്ങളായി ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും പോലെ ഭരണകൂടം വേട്ടയാടുന്ന ഒരാളാണ് താനെന്ന് അദ്ദേഹം അവകാശപ്പെട്ടു. ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് ശിക്ഷ വിധിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതൊരു കള്ളക്കേസാണെന്നും ഹൈക്കോടതി വിധിക്കെതിരെ ഉടൻ തന്നെ സുപ്രീംകോടതിയെ സമീപിക്കുമെന്നും തരുൺ തേജ്പാൽ വ്യക്തമാക്കി.

കഴിഞ്ഞ 13 വർഷമായി തനിക്കെതിരെ വലിയ രീതിയിലുള്ള വേട്ടയാടലാണ് നടക്കുന്നതെന്ന് തേജ്പാൽ ആരോപിച്ചു. “ഇത് തെഹൽക്കയുടെ പ്രവർത്തനങ്ങൾ കാരണമുള്ള രാഷ്ട്രീയ പകപോക്കലാണ്. അധികാരത്തിനെതിരെ എഴുതിയവരെ അവർ പിന്തുടരുകയാണ്. ഉമർ ഖാലിദും ഷർജീൽ ഇമാമും വർഷങ്ങളായി ജയിലിലാണ്. ഭീമ കൊറേഗാവ് കേസിൽ സുരേന്ദ്ര ഗാഡ്‌ലിങ്ങും തടവിലാണ്. ഞാനും അവരിലൊരാളാണ്”, തേജ്പാൽ പറഞ്ഞു.

ജുഡീഷ്യറിയിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും സത്യം മനസ്സിലാക്കുന്ന ജഡ്ജിമാർ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പത്ത് തവണയെങ്കിലും തന്നെ കുറ്റവിമുക്തനാക്കാൻ സാധിക്കുന്ന തെളിവുകൾ കൈവശമുണ്ടെന്നും അത് പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഴര വർഷത്തോളം വിചാരണ കോടതിയിൽ പോരാടി താൻ കുറ്റവിമുക്തനായതാണെന്നും, തനിക്ക് 62 വയസ്സായെന്നും പറഞ്ഞ തേജ്പാൽ താനൊരു ഇരയാണെന്നും വാദിച്ചു.

2013 നവംബർ 7, 8 തീയതികളിലായി ഗോവയിലെ ഒരു ഹോട്ടലിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. തെഹൽക്കയിലെ ജൂനിയർ മാധ്യമപ്രവർത്തകയായ യുവതിയെ ഹോട്ടലിലെ ലിഫ്റ്റിൽ വെച്ച് തരുൺ തേജ്പാൽ രണ്ടുതവണ പീഡിപ്പിച്ചെന്നായിരുന്നു പരാതി. തുടർന്ന് 2013 നവംബർ 30-ന് ഇദ്ദേഹം അറസ്റ്റിലായി. സാഹചര്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണ് എന്നായിരുന്നു തേജ്പാലിന്റെ ആദ്യത്തെ വാദം. എന്നാൽ കുറ്റം ചുമത്തപ്പെട്ടതിന് പിന്നാലെ നിലപാട് മാറ്റിയ അദ്ദേഹം, ഇത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ആരോപിക്കുകയായിരുന്നു.

തരുൺ തേജ്പാലിനെ കോടതി ശിക്ഷിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് പരാതിക്കാരിയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. “നെഞ്ചിൽ നിന്നും വലിയൊരു ഭാരമാണ് ഇപ്പോൾ ഒഴിഞ്ഞുപോയത്. കഴിഞ്ഞ കുറേ വർഷങ്ങളായി വലിയ വേദനയോടെയാണ് ജീവിച്ചത്. ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ അത്രമാത്രം മനക്കരുത്ത് വേണ്ടിയിരുന്നു”, അവർ പറഞ്ഞു. കേസിൽ പ്രതിക്ക് അർഹിച്ച ശിക്ഷ വാങ്ങിനൽകാൻ ഒപ്പം നിന്ന ഗോവ സർക്കാരിനോടും അഭിഭാഷകരോടും അവർ നന്ദി അറിയിച്ചു. സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയാണ് സർക്കാരിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത്.

Also read: