56-ാം വയസ്സിലും സൂപ്പർ ഫിറ്റ്; ഫിറ്റ്നസ് രഹസ്യങ്ങളും ദിനചര്യകളും വെളിപ്പെടുത്തി രാഹുൽ ഗാന്ധി
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഫിറ്റ്നസും ഊർജ്ജസ്വലതയും എക്കാലത്തും ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ്. 56-ാം വയസ്സിലും തന്റെ ശാരീരികക്ഷമത നിലനിർത്തുന്നതിന്റെ രഹസ്യങ്ങൾ ഇൻസ്റ്റാഗ്രാമിലെ ‘ആസ്‌ക് മി എനിതിങ്’ സെഷനിലൂടെ അദ്ദേഹം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. മാർഷൽ ആർട്സ്, നീന്തൽ, ഓട്ടം എന്നിവയ്ക്ക് പുറമെ അടുത്തിടെ യോഗയും തന്റെ ദിനചര്യയുടെ ഭാഗമാക്കിയതായി അദ്ദേഹം വ്യക്തമാക്കി.
ശരീരത്തിന്റെ കരുത്ത്, വഴക്കം, എയ്റോബിക് ശേഷി എന്നിവ വർദ്ധിപ്പിക്കുന്നതിനായി ദിവസവും ഒരു മണിക്കൂറോളം വ്യായാമത്തിനായി മാറ്റിവെക്കാറുണ്ടെന്ന് രാഹുൽ പറയുന്നു. ഒഴിവ് സമയങ്ങളിൽ മാത്രം ചെയ്യുന്ന ഒന്നല്ല തനിക്ക് വ്യായാമം. തിരക്കേറിയ ദിവസങ്ങളിലും അതിനായി സമയം കണ്ടെത്താറുണ്ട്. ആവശ്യമെങ്കിൽ രാത്രി 11 മണിക്ക് പോലും താൻ വ്യായാമം ചെയ്യാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഏതെങ്കിലും ഒരു വ്യായാമരീതി പിന്തുടരുന്നത് മാത്രമല്ല ഫിറ്റ്നസ് എന്ന് രാഹുൽ ഓർമ്മിപ്പിക്കുന്നു. ജീവിതശൈലിയിലെ സ്ഥിരതയാണ് ഇതിൽ ഏറ്റവും പ്രധാനം. വ്യായാമത്തിനൊപ്പം തന്നെ ആരോഗ്യകരമായ ഭക്ഷണരീതിയും പിന്തുടരണം. ജീവിതത്തിൽ കൃത്യമായൊരു ബാലൻസ് ആവശ്യമാണ്. അനാരോഗ്യകരമായ ഭക്ഷണവും മദ്യപാനവും ശീലമാക്കിയാൽ വ്യായാമം ചെയ്യുന്നത് കൊണ്ട് യാതൊരു ഗുണവുമുണ്ടാകില്ല. മദ്യം ആരോഗ്യത്തിന് വലിയ ദോഷം ചെയ്യുമെന്നും അത് പൂർണ്ണമായും ഒഴിവാക്കണമെന്നും അദ്ദേഹം ചെറുപ്പക്കാരെ ഉപദേശിച്ചു.
ചെറുപ്പക്കാരുമായി സംവദിക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ സജീവമായി ഉപയോഗിക്കുന്ന രാഹുൽ, ഇതേ സെഷനിൽ തന്നെ തന്റെ ഇഷ്ടപ്പെട്ട ബി.ജെ.പി നേതാവ് ആരാണെന്ന ചോദ്യത്തിനും മറുപടി നൽകി. മുൻ പഞ്ചാബ് മുഖ്യമന്ത്രി കൂടിയായ ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ പേരാണ് അദ്ദേഹം പറഞ്ഞത്. അമരീന്ദർ സിംഗുമായി തനിക്ക് നല്ല അടുപ്പമുണ്ടെന്നും, സൈനിക ചരിത്രത്തിൽ വലിയ പാണ്ഡിത്യമുള്ള വളരെ ‘കൂൾ’ ആയ വ്യക്തിയാണ് അദ്ദേഹമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.