കുരുക്ക് മുറുക്കി പോലീസ്; അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങാൻ കണ്ണൂർ സൈബർ പോലീസ്; കാപ്പ ചുമത്താനും സാധ്യത
കണ്ണൂർ: രമേശ് ചെന്നിത്തലയ്ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങാൻ കണ്ണൂർ സൈബർ പോലീസ് ഒരുങ്ങുന്നു. ചോദ്യം ചെയ്യലിനും കൂടുതൽ തെളിവെടുപ്പുകൾക്കുമായി പ്രതിയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും.
വിവാദ പോസ്റ്റുകൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ച മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ കണ്ടെത്തുക എന്നതാണ് ഈ കേസിൽ പൊലീസിന്റെ പ്രധാന ലക്ഷ്യം. അർജുൻ ആയങ്കിയിൽ നിന്ന് പിടിച്ചെടുത്ത ഫോണിലൂടെയാണോ അധിക്ഷേപ പോസ്റ്റുകൾ ഇട്ടതെന്ന് സൈബർ പൊലീസ് ശാസ്ത്രീയമായി പരിശോധിക്കും. അതേസമയം, ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് പൊലീസിനെ പരിഹസിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടത് താനല്ലെന്നും സുഹൃത്തായ പ്രണവാണെന്നുമാണ് അർജുൻ ആയങ്കി അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുള്ളത്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ഒളിവിലുള്ള പ്രണവിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
കണ്ണൂർ സൈബർ പൊലീസിന്റെ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് കോതമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ അർജുൻ ആയങ്കിക്കെതിരെ നടപടിയുണ്ടാകും. ഈ കേസിൽ പ്രൊഡക്ഷൻ വാറണ്ടുമായി കോടതിയെ സമീപിക്കാനാണ് നിലവിലെ തീരുമാനം. ഇതിനുപുറമെ, തുടർച്ചയായി ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്ന സാഹചര്യത്തിൽ അർജുൻ ആയങ്കിക്കെതിരെ കാപ്പ (KAAPA) ചുമത്താനുള്ള നടപടികൾക്കും പൊലീസ് തുടക്കമിട്ടിട്ടുണ്ട്.