‘പറിക്കാൻ മാങ്ങ, മുറിക്കാൻ മരം, കളിക്കാൻ മെസ്സി, പറ്റിക്കാൻ മലയാളി’; മെസി വിവാദത്തിലും മുട്ടിൽ മരംമുറി കേസിലും ട്രോളുമായി ജോയ് മാത്യു
ജോയ് മാത്യു
തിരുവനന്തപുരം: വയനാട് മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച സാഹചര്യത്തിൽ രൂക്ഷ പരിഹാസവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. “പറിക്കാൻ മാങ്ങ, മുറിക്കാൻ മരം, കളിക്കാൻ മെസി, പറ്റിക്കാൻ മലയാളി” എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പിക് അപ്പ് ലൈൻ മാതൃകയിലുള്ള പോസ്റ്റിലൂടെയാണ് ജോയ് മാത്യു തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.
അർജന്റീന ഫുട്ബോൾ താരം ലയണൽ മെസിയെയും ടീമിനെയും കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ദുരൂഹതകൾ നിലനിൽക്കെ, സ്പോൺസർ കമ്പനിയെയും സംഭവ വികാസങ്ങളെയും ലക്ഷ്യമിട്ടാണ് ജോയ് മാത്യുവിന്റെ ഈ പ്രതികരണം. സ്പോൺസർമാർ പ്രതികളായ മുട്ടിൽ മരംമുറി കേസ് കൂടി പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
മെസിയെ കേരളത്തിലെത്തിക്കുമെന്ന അവകാശവാദത്തിന് പിന്നിൽ കോടികളുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന കായിക വകുപ്പിന്റെ റിപ്പോർട്ട് പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഈ പരിഹാസം. മെസിയുടെ വരവുമായി ബന്ധപ്പെട്ട് ആരുമായും ഔദ്യോഗിക കരാറിൽ ഏർപ്പെട്ടതിന്റെ രേഖകൾ നിലവിലില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കോർപറേഷനും സർക്കാറും തമ്മിൽ യാതൊരു കരാറുമില്ലെന്നും ഇത്തരം നീക്കങ്ങൾക്ക് നിയമസാധുതയില്ലെന്നും കായിക വകുപ്പ് വ്യക്തമാക്കുന്നുണ്ട്.
അതേസമയം, മുട്ടിൽ മരംമുറി കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ ആന്റോ അഗസ്റ്റിനും ജോസ്കുട്ടി അഗസ്റ്റിനും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി. എന്നാൽ കേസിലെ മറ്റൊരു പ്രതിയായ റോജി അഗസ്റ്റിൻ ഹാജരായില്ല. അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹരജി ഹൈകോടതി തള്ളിയതിനെ തുടർന്നാണ് മജിസ്ട്രേറ്റ് കോടതി നടപടി കടുപ്പിച്ചത്.
വനംവകുപ്പിന്റെ പാസ് ഉണ്ടെന്ന് തെറ്റിധരിപ്പിച്ച് വയനാട്ടിൽ നിന്ന് അനധികൃതമായി ഈട്ടിമരം മുറിച്ചുകടത്തി എറണാകുളം അമ്പലമേടിലുള്ള ടിമ്പർ മില്ലിന് വിറ്റെന്നാണ് കേസ്. തങ്ങളെ കബളിപ്പിച്ച് വിശ്വാസവഞ്ചന നടത്തിയെന്ന് കാട്ടി ടിമ്പർ മിൽ ഉടമ നൽകിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. മരം മുറിച്ചു കടത്താൻ പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്ന് വാദിച്ച് പ്രതികൾ ഹൈകോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളപ്പെടുകയായിരുന്നു. തുടർന്ന് കോടതിയിൽ നേരിട്ട് ഹാജരാകാത്തതിനെ തുടർന്നാണ് ഇപ്പോൾ വാറന്റ് പുറപ്പെടുവിച്ചതും പ്രതികൾ കീഴടങ്ങിയതും.