‘മോദി സർക്കാർ അധികാരത്തിൽ നിന്ന് താഴെയിറങ്ങാതെ മകൻ പുറത്തുവരുമെന്ന് കരുതുന്നില്ല’; നീതിമാനായ ഒരു ജഡ്ജി വരുമെന്നുള്ള പ്രതീക്ഷയുണ്ട്’; ഉമർ ഖാലിദിന്റെ മാതാവ്
ന്യൂഡൽഹി: മോദി സർക്കാർ അധികാരത്തിൽ നിന്ന് താഴെയിറങ്ങാതെ തന്റെ മകൻ ഉമർ ഖാലിദിന് ജയിലിൽ നിന്ന് മോചനം ലഭിക്കുമെന്ന് കരുതുന്നില്ലെന്ന് മാതാവ് സബീഹ ഖാൻ. നീണ്ട ആറ് വർഷമായി മകൻ ജയിലിൽ കഴിയുകയാണെങ്കിലും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ തനിക്ക് ഇപ്പോഴും വലിയ പ്രതീക്ഷയുണ്ടെന്നും, ബാഹ്യ സമ്മർദങ്ങളില്ലാതെ ശരിയായ വിധി പുറപ്പെടുവിക്കുന്ന ഒരു ജഡ്ജി ഉണ്ടാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായും അവർ പറഞ്ഞു. ഉമർ ഖാലിദിന്റെ മുപ്പത്തിയൊമ്പതാം ജന്മദിനത്തോടനുബന്ധിച്ച് ഡൽഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ നടന്ന അദ്ദേഹത്തിന്റെ പുതിയ പുസ്തക പ്രകാശന ചടങ്ങിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സബീഹ ഖാൻ. ‘ഫ്രാക്ചേർഡ് കമ്മ്യൂണിറ്റീസ്: ആദിവാസി ഹിസ്റ്ററീസ് ആൻഡ് ദി പൊളിറ്റിക്സ് ഓഫ് പവർ’ (Fractured Communities: Adivasi Histories and the Politics of Power) എന്നാണ് പുതിയ പുസ്തകത്തിന്റെ പേര്.
ദീർഘകാലത്തെ ജയിൽവാസത്തിനിടയിലും തന്റെ മകൻ വളരെ ധൈര്യത്തോടെയാണ് എല്ലാ പ്രതിസന്ധികളെയും സാഹചര്യങ്ങളെയും നേരിടുന്നതെന്ന് അവർ വ്യക്തമാക്കി. ജയിലിലാണെങ്കിലും തന്റെ നിലപാടുകൾ സ്വന്തം എഴുത്തിലൂടെ ജനങ്ങളിലെത്തിക്കാൻ ഉമർ ഖാലിദിന് നിരന്തരം സാധിക്കുന്നുണ്ട്. ഈ പുതിയ പുസ്തകങ്ങളിലൂടെയും എഴുത്തുകളിലൂടെയും ജനങ്ങൾക്ക് അദ്ദേഹത്തെ കൂടുതൽ അടുത്തറിയാൻ കഴിയുമെന്നും സബീഹ ഖാൻ കൂട്ടിച്ചേർത്തു. 2020-ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസിൽ കർശന നിയമമായ യു.എ.പി.എ ചുമത്തിയാണ് ജെ.എൻ.യു മുൻ ഗവേഷകനും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദിനെ ജയിലിലടച്ചത്. കഴിഞ്ഞ ആറ് വർഷമായി അദ്ദേഹത്തിന് ജാമ്യം ലഭിച്ചിട്ടില്ല.
ഉമർ ഖാലിദിന്റെ വിഷയത്തിൽ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ പുലർത്തുന്ന മൗനത്തെയും അവർ രൂക്ഷമായി വിമർശിച്ചു. സ്വന്തം വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന ഭയമായിരിക്കാം പ്രതിപക്ഷത്തിന്റെ ഈ അർത്ഥഗർഭമായ മൗനത്തിന് കാരണമെന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. ഇതിന് പുറമെ, തന്റെ മകനെ ഒരു ‘ദേശദ്രോഹി’യായി ചിത്രീകരിക്കുന്നതിൽ രാജ്യത്തെ ചില മാധ്യമങ്ങൾക്കും വലിയ പങ്കുണ്ടെന്ന് അവർ ആരോപിച്ചു. സർക്കാർ നിശ്ചയിച്ചിട്ടുള്ള പരിധികൾക്കപ്പുറം സംസാരിക്കുകയോ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുകയോ ചെയ്താൽ ഉമർ ഖാലിദിന് സംഭവിച്ചതുപോലെ വലിയ നടപടികൾ നേരിടേണ്ടിവരുമെന്ന കൃത്യമായ സന്ദേശമാണ് ഭരണകൂടം ഇതിലൂടെ രാജ്യത്തെ മുസ്ലിം യുവാക്കൾക്ക് നൽകുന്നതെന്നും സബീഹ ഖാൻ വ്യക്തമാക്കി.