18/08/2026
[fontresizer_tawhidurrahmandear_widget]

’32 കോടിയുടെ ഡീൽ, 5 ലക്ഷത്തിന് വിറ്റ ബർത്ത്ഡേ; ഒടുവിൽ ചതിക്കപ്പെട്ടു’; സാമ്പത്തിക ഉറവിടം വെളിപ്പെടുത്തി അഖിൽ മാരാർ

 ’32 കോടിയുടെ ഡീൽ, 5 ലക്ഷത്തിന് വിറ്റ ബർത്ത്ഡേ; ഒടുവിൽ ചതിക്കപ്പെട്ടു’; സാമ്പത്തിക ഉറവിടം വെളിപ്പെടുത്തി അഖിൽ മാരാർ

കൊച്ചി: സോഷ്യൽ മീഡിയയിലെ വ്യാജ നന്മമരങ്ങളെയും തട്ടിപ്പുകാരെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് തന്റെ സാമ്പത്തിക വളർച്ചയെക്കുറിച്ചും നേരിട്ട തിരിച്ചടികളെക്കുറിച്ചും വെളിപ്പെടുത്തി ബിഗ് ബോസ് താരം അഖിൽ മാരാർ. മിന്നുന്നതെല്ലാം പൊന്നല്ലെന്ന് വ്യക്തമാക്കിയ അഖിൽ, സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് ഇന്നത്തെ നിലയിലേക്ക് എത്തിയതിനെക്കുറിച്ച് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് തുറന്നെഴുതിയത്.

2023-ൽ ഫ്ലാറ്റ് വാടകയും കാർ ഗഡുക്കളും അടയ്ക്കാൻ ബുദ്ധിമുട്ടിയ ഘട്ടത്തിലാണ് ബിഗ് ബോസിലേക്ക് എത്തുന്നതെന്ന് അഖിൽ പറയുന്നു. 50 ദിവസം നിന്ന് 5 ലക്ഷം രൂപ സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെ പോയ താൻ 50 ലക്ഷം രൂപയും കാറും 10 ലക്ഷം രൂപ ശമ്പളവുമായാണ് തിരിച്ചെത്തിയത്. തുടർന്ന് ഒരു ഉദ്ഘാടനത്തിന് 5 ലക്ഷം രൂപയും അഭിമുഖങ്ങൾക്ക് 1 ലക്ഷം രൂപയും ഈടാക്കി തുടങ്ങി. 35 വയസ്സുവരെ വെറുമൊരു ദിവസമായി കണ്ട ജന്മദിനാഘോഷം ബിഗ് ബോസിന് ശേഷം 5 ലക്ഷം രൂപയ്ക്കാണ് വിറ്റതെന്നും അഖിൽ വെളിപ്പെടുത്തി. റിയൽ എസ്റ്റേറ്റ് മേഖലയിലൂടെ 32 കോടിയുടെ ഡീലുകൾ വരെ നടത്തി.

ബെൻസ്, വോൾവോ, മിനി കൂപ്പർ, ബിഎംഡബ്ല്യു ബൈക്ക് തുടങ്ങി നിരവധി വാഹനങ്ങൾ സ്വന്തമാക്കിയെങ്കിലും 2024-ൽ ദുബൈയിൽ നിക്ഷേപിച്ച 1.5 കോടി രൂപ നിയമപ്രശ്നങ്ങൾ കാരണം നഷ്ടമായി. എന്നാൽ കടം വാങ്ങാതെയാണ് പ്രതിസന്ധികളെ നേരിട്ടതെന്നും, കഴിഞ്ഞ 3 വർഷത്തിനിടെ 30 ലക്ഷത്തോളം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയതായും അദ്ദേഹം കുറിപ്പിൽ അവകാശപ്പെടുന്നു.

ജനങ്ങളുടെ ആവശ്യപ്രകാരമാണ് രാഷ്ട്രീയത്തിലിറങ്ങിയതെങ്കിലും തന്റെ സത്യസന്ധത ഉൾക്കൊള്ളാൻ ഒരു പാർട്ടിക്കും സാധിച്ചില്ല. എല്ലാം ഉപേക്ഷിച്ചിറങ്ങാൻ തീരുമാനിച്ചപ്പോൾ പണത്തിന് വേണ്ടി വന്നവനെന്ന ആക്ഷേപമാണ് ഉയർന്നതെന്നും ചതിക്കപ്പെടുകയായിരുന്നുവെന്നും അഖിൽ ആരോപിച്ചു. തെരഞ്ഞെടുപ്പിന് ശേഷം വർഗീയവാദിയെന്ന് മുദ്രകുത്തി പ്രോഗ്രാമുകളിൽ നിന്ന് ഒഴിവാക്കിയതിലെ വിഷമവും അദ്ദേഹം പങ്കുവെച്ചു. ബാങ്ക് ബാലൻസും ഐ.ടി.ആർ ഫയലിംഗും കൃത്യമായി നടത്തുന്ന തനിക്ക് ആരെയും ഭയമില്ലെന്നും സത്യം ജയിക്കുമെന്നും പറഞ്ഞാണ് അഖിൽ മാരാർ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Also read: