നടി അനുമോൾ വിവാഹിതയായി; വരൻ തമിഴ് നടൻ, കൈ പിടിച്ചേല്‍പ്പിച്ച് സുരേഷ് ഗോപി
ഗുരുവായൂർ: റിയാലിറ്റി ഷോ താരവും നടിയുമായ അനുമോൾ വിവാഹിതയായി. തമിഴ് നടൻ ഭവ്നേഷാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് പുലർച്ചെയായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി നേരിട്ടെത്തി നവദമ്പതികൾക്ക് ആശംസകൾ നേർന്നു. ഇരുവരെയും അനുഗ്രഹിച്ച സുരേഷ് ഗോപി, ഭവ്നേഷിനോട് ‘കൈ പിടിച്ചോ’ എന്ന് പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ലളിതമായി നടന്ന ചടങ്ങിൽ പങ്കെടുത്തത്.
ഒരു പുതിയ തുടക്കത്തിന്റെ ആഘോഷം എന്ന കുറപ്പോടെ അനുമോൾ ഇന്നലെ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഇതിന് താഴെ ആദില, ഷിയാസ് കരീം തുടങ്ങി നിരവധി പ്രമുഖരും ആരാധകരും താരത്തിന് ആശംസകളുമായി എത്തിയിരുന്നു.
അടുത്തിടെ മാധ്യമങ്ങൾ വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ ‘നാളെയാണ് കല്യാണം’ എന്ന് അനുമോൾ രസകരമായി മറുപടി നൽകിയത് ശ്രദ്ധ നേടിയിരുന്നു. വിവാഹത്തിന് ആരെയൊക്കെ ക്ഷണിച്ചു എന്ന ചോദ്യത്തിന് മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ പ്രമുഖ താരങ്ങളെയെല്ലാം ക്ഷണിച്ചിട്ടുണ്ടെന്നായിരുന്നു താരത്തിന്റെ പ്രതികരണം. അനുമോളുടെ വിവാഹം ഉടനുണ്ടാകുമെന്ന് മുൻപ് സുഹൃത്ത് ഷിയാസ് കരീം വെളിപ്പെടുത്തിയിരുന്നെങ്കിലും വരൻ ആരാണെന്ന വിവരം സർപ്രൈസ് ആയി സൂക്ഷിക്കുകയായിരുന്നു.