02/09/2026
[fontresizer_tawhidurrahmandear_widget]

‘മരണത്തിന് മുൻപ് ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെ കോൺഗ്രസിൽ ചേരാൻ നീക്കം നടത്തി’-വെളിപ്പെടുത്തൽ | Gopinath Munde Congress entry

 ‘മരണത്തിന് മുൻപ് ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെ കോൺഗ്രസിൽ ചേരാൻ നീക്കം നടത്തി’-വെളിപ്പെടുത്തൽ | Gopinath Munde Congress entry

മുംബൈ: ബി.ജെ.പിയുടെ മഹാരാഷ്ട്രയിലെ തലമുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന അന്തരിച്ച ഗോപിനാഥ് മുണ്ടെ കോൺഗ്രസിൽ ചേരാൻ നീക്കം നടത്തിയതായി വെളിപ്പെടുത്തൽ(Gopinath Munde Congress entry). മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാനാണ് അവകാശവാദവുമായി രംഗത്തെത്തിയത്. കാറപകടത്തിൽ മരണപ്പെടുന്നതിന് ഏതാനും മാസങ്ങൾക്കു മുൻപാണ് മുണ്ടെ പാർട്ടി കൂടുമാറ്റത്തിനുള്ള നീക്കം നടത്തിയതെന്നാണു വെളിപ്പെടുത്തൽ.

2014 ജൂണിലാണ് ഗോപിനാഥ് മുണ്ടെ ഡൽഹിയിൽ കാറപകടത്തിൽ മരണപ്പെടുന്നത്. ദാരുണാന്ത്യത്തിന് ഏതാനും മാസങ്ങൾക്കു മുൻപ് തന്നെ അദ്ദേഹം ബി.ജെ.പി നേതൃത്വവുമായി കടുത്ത അതൃപ്തിയിലായിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സമയത്താണ് കോൺഗ്രസ് പ്രവേശനത്തിനായി മുണ്ടെ ഡൽഹിയിൽ രഹസ്യ ചർച്ചകൾ നടത്തിയെന്നാണ് ചവാൻ വെളിപ്പെടുത്തിയത്.

മുണ്ടെയുടെ കോൺഗ്രസ് കൂടുമാറ്റ ചർച്ചകൾ ഇങ്ങനെ | Gopinath Munde Congress entry

മഹാരാഷ്ട്രയിൽ ബി.ജെ.പിക്ക് അടിത്തറയുണ്ടാക്കിക്കൊടുത്ത പ്രമുഖ നേതാക്കളിൽ ഒരാളാണ് ഗോപിനാഥ് മുണ്ടെ. പാർട്ടിയുടെ തലമുതിർന്ന നേതാവായിരുന്ന അന്തരിച്ച പ്രമോദ് മഹാജന്റെ സഹോദരി പ്രദന്യയെയാണ് അദ്ദേഹം വിവാഹം കഴിക്കുന്നത്. ഒ.ബി.സി വഞ്ചാരി വിഭാഗങ്ങൾക്കിടയിൽ വലിയ ജനസ്വാധീനമുള്ള, ക്രൗഡ്പുള്ളറായ തീപ്പൊരി പ്രഭാഷകനും നേതാവും കൂടിയായിരുന്നു അദ്ദേഹം. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി, കേന്ദ്രമന്ത്രി പദവികളും വഹിച്ചിട്ടുണ്ട്.

2013 അവസാനത്തിലാണ് ഗോപിനാഥ് മുണ്ടെ കോൺഗ്രസിൽ ചേരുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടന്നതെന്ന് പൃഥ്വിരാജ് ചവാൻ വിശദീകരിക്കുന്നു. മുണ്ടെ അക്കാലത്ത് ബി.ജെ.പിക്കുള്ളിൽ കടുത്ത അതൃപ്തിയിലായിരുന്നുവെന്നാണ് കോൺഗ്രസ് നേതാക്കൾ വാദിക്കാറുള്ളത്. അങ്ങനെയാണ് കോൺഗ്രസിലേക്ക് കൂടുമാറാനുള്ള നീക്കം നടക്കുന്നത്.

ഒക്ടോബർ 18നാണ് ഡൽഹിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ കോൺഗ്രസ് നേതാക്കളുമായി മുണ്ടെ രഹസ്യ കൂടിക്കാഴ്ചകൾ നടത്തിയത്. അന്ന് സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേഷ്ടാവായിരുന്ന അന്തരിച്ച അഹമ്മദ് പട്ടേലും ചവാനൊപ്പം ആ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഇരുവരുമായും മുണ്ടെ വിപുലമായ ചർച്ചകൾ നടത്തി.

മുണ്ടെയെ കോൺഗ്രസിലെത്തിക്കാനുള്ള നീക്കത്തിന് സോണിയാ ഗാന്ധിയുടെ പച്ചക്കൊടിയും ലഭിച്ചു. എന്നാൽ, ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തുന്നതിന് മുൻപ് തനിക്ക് കേന്ദ്രമന്ത്രിസഭയിൽ അംഗത്വം നൽകണമെന്നായിരുന്നു മുണ്ടെയുടെ ആവശ്യം. ബി.ജെ.പി വിട്ട് ഉപതെരഞ്ഞെടുപ്പ് നേരിടുമ്പോൾ നാഗ്പൂരിൽനിന്നുള്ള ബി.ജെ.പി നേതാക്കൾ തനിക്കെതിരെ പ്രവർത്തിക്കുമെന്ന ആശങ്ക അദ്ദേഹത്തിനുണ്ടായിരുന്നു.

എന്നാൽ, പ്രതിപക്ഷത്തുനിന്ന് നേരിട്ട് ഒരാളെ കൊണ്ടുവന്ന് ഉടനടി കേന്ദ്രമന്ത്രിയാക്കാൻ കഴിയില്ലെന്ന് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് കർശന നിലപാടെടുത്തു. ബി.ജെ.പിയിൽനിന്ന് രാജിവച്ച് ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച ശേഷം മാത്രമേ മന്ത്രിസ്ഥാനം നൽകാനാകൂ എന്ന നിലപാടിൽ സിങ് ഉറച്ചുനിന്നു. അതോടെയാണ് ആ നീക്കം യാഥാർത്ഥ്യമാകാതെ പോയത്. പ്രധാനമന്ത്രിയുമായി മുൻകൂട്ടി ആലോചിക്കാതെ മുണ്ടെയ്ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തത് തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പിഴവായിരുന്നുവെന്നും ചവാൻ സമ്മതിച്ചു.

പങ്കജ മുണ്ടെയുടെ പ്രതികരണം | Gopinath Munde Congress entry

പൃഥ്വിരാജ് ചവാന്റെ വെളിപ്പെടുത്തലുകൾക്കെതിരെ ഗോപിനാഥ് മുണ്ടെയുടെ മകളും മഹാരാഷ്ട്ര മന്ത്രിയുമായ പങ്കജ മുണ്ടെ ശക്തമായി രംഗത്തെത്തി. തന്റെ പിതാവ് താമരയിൽ ജനിച്ച് താമരയിൽ തന്നെ മരിച്ച വ്യക്തിയാണെന്ന് അവർ പ്രതികരിച്ചു. അദ്ദേഹം അന്തരിച്ച് വർഷങ്ങൾക്ക് ശേഷം ഇത്തരം അപ്രസക്തമായ കാര്യങ്ങൾ ചർച്ചയാക്കുന്നത് അനുചിതമാണെന്നും പങ്കജ പറഞ്ഞു.

അതേസമയം, ശിവസേന(യു.ബി.ടി) നേതാവ് സഞ്ജയ് റാവത്ത് ചവാന്റെ വാദങ്ങളെ ഭാഗികമായി ശരിവച്ചു. അന്ന് ബി.ജെ.പിയിൽ മുണ്ടെ അനുഭവിച്ചിരുന്ന മാനസിക പീഡനങ്ങളും അപമാനങ്ങളും ഒഴിവാക്കാൻ കോൺഗ്രസിലേക്കുള്ള മാറ്റം സഹായിക്കുമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, കൂറുമാറ്റങ്ങളോട് ഇത്തരം പ്രത്യയശാസ്ത്രപരമായ നിലപാടെടുത്ത മൻമോഹൻ സിങ് ആദരിക്കപ്പെടേണ്ട നേതാവാണെന്നും റാവത്ത് കൂട്ടിച്ചേർത്തു.

Also read: