04/09/2026
[fontresizer_tawhidurrahmandear_widget]

‘എന്തിനാണ് ഷോർട്ട്സ് ധരിച്ചത്, ഹിന്ദുസംസ്കാരം അറിയില്ലേ?’- പൂനെയിൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം

 ‘എന്തിനാണ് ഷോർട്ട്സ് ധരിച്ചത്, ഹിന്ദുസംസ്കാരം അറിയില്ലേ?’- പൂനെയിൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം

പൂനെ: സിംഹഗഡ് കോട്ടയിൽ വിനോദസഞ്ചാരികൾക്ക് നേരെ വലതുപക്ഷ സംഘടനാംഗങ്ങളുടെ ആക്രമണം. ഷോർട്‌സും സ്ലീവ്‌ലെസ് വസ്ത്രങ്ങളും ധരിച്ചെത്തിയതിന് സ്ത്രീ ഉൾപ്പെടെ നാല് സഞ്ചാരികളെ ഒരു സംഘം ആളുകൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ ‘സമസ്ത ഹിന്ദു ബാന്ധവ് ആർമി’ എന്ന സംഘടനയിലെ മൂന്ന് സ്ത്രീകളടക്കം എട്ട് പേർക്കെതിരെ പൂനെ റൂറൽ പൊലീസ് കേസെടുത്തു.

ഞായറാഴ്ച ഉച്ചയ്ക്ക് കോട്ടയിലെ താനാജി മാലുസരെയുടെ സ്മാരകം സന്ദർശിച്ച് മടങ്ങുകയായിരുന്ന കുടുംബത്തെയാണ് ഒരു സംഘം തടഞ്ഞുനിർത്തിയത്. “എന്തുകൊണ്ടാണ് ഷോർട്‌സ് ധരിച്ചിരിക്കുന്നത്, ഹിന്ദു സംസ്കാരം എന്താണെന്ന് അറിയില്ലേ” എന്ന് ചോദിച്ചായിരുന്നു ആക്രമണമെന്ന് പരാതിക്കാരനായ 39കാരൻ വെളിപ്പെടുത്തി. മൂന്ന് പുരുഷന്മാർ ചേർന്ന് തന്നെ മർദ്ദിക്കുകയും ഒരു സ്ത്രീ തൻ്റെ ഭാര്യയെ പിടിച്ചുവലിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

തുടർന്ന് ഹവേലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയപ്പോഴാണ് മറ്റ് മൂന്ന് വിനോദസഞ്ചാരികൾക്ക് നേരെയും ഇതേ സംഘം ആക്രമണം നടത്തിയതായി അറിയുന്നത്. സങ്കേത് സഞ്ജയ് പാട്ടീൽ, ആശിഷ് ദിലീപ് അപർ, രേവൻ നാരായൺ കൊക്ടെ തുടങ്ങി പ്രതി ചേർക്കപ്പെട്ട എട്ടുപേർക്കെതിരെയും നിയമവിരുദ്ധമായി സംഘം ചേരൽ, കലാപമുണ്ടാക്കൽ, ബോധപൂർവം പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഒളിവിലുള്ള പ്രതികളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Also read: