02/09/2026
[fontresizer_tawhidurrahmandear_widget]

രാഹുലിന്റെ മിന്നൽ സമരം വിജയം കണ്ടു; പെല്ലറ്റ് ആക്രമണത്തിൽ കേസെടുത്ത് ഡൽഹി പൊലീസ്

 രാഹുലിന്റെ മിന്നൽ സമരം വിജയം കണ്ടു; പെല്ലറ്റ് ആക്രമണത്തിൽ കേസെടുത്ത് ഡൽഹി പൊലീസ്

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന സിജെപി സമരത്തിനിടെ വിദ്യാർഥിക്ക് പെല്ലറ്റ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ അഞ്ചു മണിക്കൂർ നീണ്ട മിന്നൽ പ്രതിഷേധത്തിനൊടുവിലാണ് പൊലീസ് എഫ്ഐആർ ഇടാൻ തയാറായത്. എന്നാൽ, പ്രതിസ്ഥാനത്ത് ആരുടെയും പേര് ചേർക്കാതെയാണ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്.

ജൂലൈ 20-ന് പാർലമെന്റിലേക്ക് നടന്ന പ്രതിഷേധ മാർച്ചിനിടെയാണ് സാഹിൽ ലോചവ് എന്ന വിദ്യാർഥിക്ക് പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റത്. ആക്രമണത്തിൽ സാഹിലിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. പരിക്കേറ്റ വിദ്യാർഥിയുടെ മെഡിക്കൽ രേഖകളുമായി രാഹുൽ ഗാന്ധി ഡിസിപിയെ നേരിട്ട് കണ്ടെങ്കിലും കേസെടുക്കാൻ പൊലീസ് തയാറായില്ല. ഇതോടെയാണ് രാഹുൽ സ്റ്റേഷന് മുന്നിൽ ധർണ ആരംഭിച്ചത്.

പ്രിയങ്ക ഗാന്ധിയും കോൺഗ്രസ് പ്രമുഖരും സ്ഥലത്തെത്തി രാഹുലിന് പിന്തുണ പ്രഖ്യാപിച്ചു. കെ.സി വേണുഗോപാലും ജയറാം രമേശും പൊലീസുമായി ചർച്ച നടത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടൽ മൂലമാണ് കേസ് എടുക്കാൻ വൈകുന്നതെന്ന് കെ.സി വേണുഗോപാൽ ആരോപിച്ചു. അതേസമയം, രാഹുൽ ഗാന്ധിയുടെ പ്രതിഷേധം രാഷ്ട്രീയ നേട്ടത്തിനും ശ്രദ്ധ പിടിച്ചുപറ്റാനുമാണെന്ന് ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഡ വിമർശിച്ചു. നീതി ലഭിക്കും വരെ വിദ്യാർഥികൾക്കൊപ്പം നിലകൊള്ളുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.

Also read: