02/04/2026
[fontresizer_tawhidurrahmandear_widget]

‘സിആര്‍പിഎഫിനെ കൂട്ടാതെ ഒറ്റയ്ക്ക് വാ..; തിരിച്ചുപോകില്ല’- വോട്ടര്‍പട്ടിക പരിഷ്‌ക്കരണത്തില്‍ ബിജെപി നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി തൃണമൂല്‍ എംപി

 ‘സിആര്‍പിഎഫിനെ കൂട്ടാതെ ഒറ്റയ്ക്ക് വാ..; തിരിച്ചുപോകില്ല’- വോട്ടര്‍പട്ടിക പരിഷ്‌ക്കരണത്തില്‍ ബിജെപി നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി തൃണമൂല്‍ എംപി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വോട്ടര്‍പട്ടികയുടെ തീവ്ര പരിഷ്‌കരണവുമായി (എസ്‌ഐആര്‍) ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെ, ബിജെപി നേതാക്കള്‍ക്കു മുന്നറിയിപ്പുമായി തൃണമൂല്‍ കോണ്‍ഗ്രസ്. കേന്ദ്രസേനയെ ഇറക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ കേന്ദ്രമന്ത്രി സുകാന്ത മജുംദാറിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് തൃണമൂല്‍ നേതാക്കള്‍ രംഗത്തെത്തിയത്. കേന്ദ്ര സേനയുടെ സുരക്ഷയില്ലാതെ വരാന്‍ ബിജെപി നേതാവ് സുവേന്ദു അധികാരിക്കും സുകാന്തയ്ക്കും ധൈര്യമുണ്ടോയെന്ന് തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജി ചോദിച്ചു. അങ്ങനെ വന്നാല്‍ അവര്‍ക്ക് തിരികെ പോകാന്‍ കഴിയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് കല്യാണ്‍ ബാനര്‍ജി ബിജെപി നേതാക്കളെ വെല്ലുവിളിച്ചത്. ‘നിങ്ങള്‍ (സുവേന്ദു അധികാരിയും സുകാന്ത മജുംദാറും) സിഐഎസ്എഫ് ഇല്ലാതെ ദന്‍കൂണിയിലേക്ക് വരൂ. നിങ്ങളുടെ ആളുകളുമായി വരൂ, ഞങ്ങള്‍ ഞങ്ങളുടെ ആളുകളുമായി വരാം. നിങ്ങള്‍ എത്ര വലിയ ‘തന്തയുടെ മകന്‍’ ആണെന്ന് നമുക്ക് കാണാം. നിങ്ങള്‍ക്ക് ഇവിടെ നിന്നും തിരികെ പോകാന്‍ കഴിയില്ല,’-എംപി ഭീഷണി മുഴക്കി. ശ്രീരാംപൂരിലേക്ക് വരാനും അദ്ദേഹം ബിജെപി നേതാക്കളെ വെല്ലുവിളിച്ചു.

വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടായാല്‍ കേന്ദ്രസേനയെ ഉപയോഗിക്കുമെന്നും വെടിവയ്പ്പ് പോലും നടക്കാമെന്നും ബിജെപി നേതാവ് കൂടിയായ സുകാന്ത മജുംദാര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മജുംദാറിന്റെ ഈ പ്രസ്താവന സംസ്ഥാനത്തെ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നതാണെന്ന് തൃണമൂല്‍ ആരോപിച്ചു.

എന്നാല്‍, എംപിയുടെ പ്രസ്താവനയോട് സുകാന്ത മജുംദാര്‍ ശക്തമായി പ്രതികരിച്ചു. ബാനര്‍ജിയുടെ വാക്കുകള്‍ മാനസിക സ്ഥിരതയും രാഷ്ട്രീയ മര്യാദയും നഷ്ടപ്പെട്ടതിന്റെ സൂചനയാണെന്ന് അദ്ദേഹം ആരോപിച്ചു. ഒരു സിറ്റിങ് എംപി കേന്ദ്രമന്ത്രിയെ വെടിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. ഇത് അദ്ദേഹത്തിന്റെ മാനസികാവസ്ഥയാണു കാണിക്കുന്നതെന്നും മജുംദാര്‍ പറഞ്ഞു.

Also read: