കിടക്കാൻ ഇടമില്ല, മടങ്ങാൻ രേഖകളുമില്ല; നാടണയാൻ കൊതിച്ച പ്രവാസി മലയാളിക്ക് റിയാദിലെ തെരുവ് വരാന്തയിൽ ദാരുണാന്ത്യം
റിയാദ്: നാടണയാൻ കൊതിച്ച് ഒടുവിൽ തെരുവിന്റെ വരാന്തയിൽ അന്തിയുറങ്ങിയ പ്രവാസി മലയാളിക്ക് കണ്ണീരിൽ കുതിർന്ന മടക്കം. റിയാദിലെ ബത്ഹയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ഏതാനും മാസങ്ങളായി അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന തൃശൂർ പാലക്കൽ സ്വദേശി തോമസ് ടിൻസൺ (40) ആണ് മരിച്ചത്. ബത്ഹയിലെ ഒരു കെട്ടിടത്തിന്റെ വരാന്തയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇയാൾ ഈ വരാന്തയിലായിരുന്നു രാത്രിയിൽ ഉറങ്ങിയിരുന്നത്. ജോലിയില്ലാതിരുന്ന തോമസ്, പ്രദേശത്തെ മലയാളി കൂട്ടായ്‌മകളുടെയും കാരുണ്യപ്രവർത്തകരുടെയും സഹായത്തോടെയാണ് കഴിഞ്ഞുപോന്നത്. മുൻപ് ശുമൈസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം, പിന്നീട് അവിടെനിന്നിറങ്ങി ടൗണിൽ കറങ്ങിനടക്കുകയായിരുന്നു. സാമൂഹിക പ്രവർത്തകർ ഇയാൾക്ക് താമസസൗകര്യം ഒരുക്കി നൽകിയിരുന്നുവെങ്കിലും തെരുവിൽ തന്നെ തുടരുകയായിരുന്നു.
കഴിഞ്ഞ രണ്ടു വർഷമായി സ്പോൺസറുമായി ബന്ധമില്ലാതിരുന്ന തോമസിന്റെ പക്കൽ പാസ്‌പോർട്ടോ ഇഖാമയോ ഉണ്ടായിരുന്നില്ല. നാട്ടിലേക്ക് മടങ്ങാൻ വല്ലാതെ ആഗ്രഹിച്ചിരുന്ന ഇയാൾക്കായി റിയാദ് കെഎംസിസിയുടെയും മറ്റ് സാമൂഹിക പ്രവർത്തകരുടെയും നേതൃത്വത്തിൽ എക്‌സിറ്റ് അടക്കമുള്ള യാത്രാരേഖകൾ ശരിയാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ദാരുണമായ അന്ത്യം സംഭവിച്ചത്.
വിവരമറിഞ്ഞ് സൗദി റെഡ് ക്രസന്റ് അധികൃതർ സ്ഥലത്തെത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി കെഎംസിസി റിയാദ് സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ വൊളന്റിയർമാർ രംഗത്തുണ്ട്.