തൃണമൂല്‍ റാലിയില്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് മമത; സാമുദായിക ഐക്യത്തിന്റെ സന്ദേശവുമായി മതമേലധ്യക്ഷന്മാര്‍
കൊല്‍ക്കത്ത: വോട്ടര്‍ പട്ടികയുടെ ‘സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍’ പ്രക്രിയക്കെതിരായ പ്രതിഷേധ റാലി ഭരണഘടനാ അവകാശങ്ങളുടെ വിളംബരം കൂടിയായി. റെഡ് റോഡില്‍ നിന്ന് ജോറാസങ്കോ താക്കൂര്‍ ബാരിയിലേക്ക് നീങ്ങിയ തൃണമൂല്‍ കോണ്‍ഗ്രസ് റാലിയില്‍, ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രകടനം നയിച്ചത്.
മുഖ്യമന്ത്രിക്ക് ഒപ്പം മുന്‍നിരയില്‍ കൈകോര്‍ത്ത് നിന്ന വിവിധ മതമേലധ്യക്ഷന്മാരായിരുന്നു റാലിയുടെ ഏറ്റവും ശ്രദ്ധേയമായ കാഴ്ച. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ജൈന സമുദായങ്ങളിലെ പ്രമുഖരെ മുന്‍നിരയില്‍ അണിനിരത്തി, ബിജെപിയുടെ ന്യൂനപക്ഷ പ്രീണന ആരോപണങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു തൃണമൂല്‍. സംസ്ഥാനത്തിന്റെ മതേതര സ്വഭാവം ഉയര്‍ത്തിപ്പിടിച്ചാണ് സാമുദായിക നേതാക്കള്‍ റാലിയില്‍ അണിനിരന്നതെന്നാണ് ടി.എം.സി നേതാക്കള്‍ വിശദീകരിച്ചത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ശക്തിപ്രകടനത്തില്‍ അണിനിരന്നു. വോട്ടവകാശം നിഷേധിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ‘അദൃശ്യമായ ഗൂഢാലോചന’ക്കെതിരെയാണ് ഈ പ്രതിഷേധമെന്ന് ടി.എം.സി നേതൃത്വം പറഞ്ഞു. റാലിയെ അഭിസംബോധന ചെയ്ത അഭിഷേക് ബാനര്‍ജി, എസ്‌ഐആര്‍ ഭയം കാരണം സംസ്ഥാനത്ത് ഏഴ് പേര്‍ ആത്മഹത്യ ചെയ്ത സംഭവം ഉയര്‍ത്തിക്കാട്ടി. വിഷയത്തില്‍ അദ്ദേഹം വലിയ പ്രക്ഷോഭങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയും ചെയ്തു.
വന്‍ ജനപങ്കാളിത്തം നഗരത്തില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ച് ജനജീവിതം സ്തംഭിപ്പിച്ചെങ്കിലും, രാഷ്ട്രീയപരമായി ഇത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായുള്ള തൃണമൂലിന്റെ ശക്തിപ്രകടനം തന്നെയായി മാറി.