പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരൻ കോഴിക്കോട് അബൂബക്കർ അന്തരിച്ചു
അബൂബക്കർ
കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും സംഗീതസംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ (അവുക്ക-80) അന്തരിച്ചു. അരീക്കാട്ടെ ഉള്ളിശ്ശേരിക്കുന്നിലെ വീട്ടിൽ തിങ്കളാഴ്ച രാത്രി 12 ഓടെയാണ് അന്ത്യം. പക്ഷാഘാതം ബാധിച്ച് രണ്ടുമാസത്തോളം ചികിത്സയിലായിരുന്നു അദ്ദേഹം. കിടപ്പിലാകുന്നതിന് രണ്ടുദിവസംമുൻപും പുതിയ പാട്ടിനു അബൂബക്കർ ഈണമിട്ടിരുന്നു.
മാപ്പിളപ്പാട്ട് ഗാനശാഖയിൽ മൂവായിരത്തിലധികം അനശ്വര ഗാനങ്ങൾ അബൂബക്കർ സമ്മാനിച്ചിട്ടുണ്ട്. യേശുദാസ് പാടിയ ‘കരയാനും പറയാനും മനംതുറന്നിരിക്കാനും’, കെ എസ് ചിത്ര പാടിയ ‘യത്തീമിനതാണീ’ തുടങ്ങിയ ഗാനങ്ങൾ സൂപ്പർഹിറ്റുകളാണ്. സുജാത, എംജി ശ്രീകുമാർ, അഫ്സൽ, ഷഹബാസ് അമൻ തുടങ്ങിയവർ അബൂബക്കറിന്റെ സംവിധാനത്തിൽ പാടിയിട്ടുണ്ട്. ഈണങ്ങളുടെ സുൽത്താൻ എന്ന പേരിൽ അവുക്കയുടെ പുസ്തകം പുറത്തിറങ്ങാനിരിക്കെയാണ് കിടപ്പിലായത്.
ദേവരാജൻ മാസ്റ്ററുടേയും രവി ബോംബെയുടേയും പ്രിയപ്പെട്ട തബലിസ്റ്റ് കൂടിയായിരുന്നു അബൂബക്കർ. പ്രശസ്ത സിനിമാ താരം മാമുക്കോയ അവുക്കയുടെ സഹപാഠിയാണ്. പ്രശസ്ത സംഗീതസംവിധായകൻ ബാബുരാജിന്റെ ട്രൂപ്പിലൂടെയാണ് അവുക്കയുടെ സംഗീതലോകത്തേക്കുള്ള അരങ്ങേറ്റം.
ഭാര്യ: കെ.വി. സുബൈദ. മക്കൾ: ഗുലാം അലി, പരേതനായ ഫയാസ്, റോഷ്‌നി, ഫെമിന, സജിന.
മരുമക്കൾ: സലാം, അസീസ്, അസീസ് കാഞ്ഞങ്ങാട്, സൗദാബി, അഫ്സീന.
മയ്യത്ത് നമസ്കാരം ചൊവ്വാഴ്ച 12-നുശേഷം മാത്തോട്ടം കബർസ്ഥാൻ പള്ളിയിൽ.