03/09/2026
[fontresizer_tawhidurrahmandear_widget]

‘വിദ്യാഭ്യാസം ആരുടെയും ഔദാര്യമല്ല, അടിസ്ഥാന അവകാശം’; നാസിക്കിൽ നിരാഹാരം നടത്തുന്ന ആദിവാസി വിദ്യാർഥികളെ സന്ദർശിച്ച് രാഹുൽ ഗാന്ധി

 ‘വിദ്യാഭ്യാസം ആരുടെയും ഔദാര്യമല്ല, അടിസ്ഥാന അവകാശം’; നാസിക്കിൽ നിരാഹാരം നടത്തുന്ന ആദിവാസി വിദ്യാർഥികളെ സന്ദർശിച്ച് രാഹുൽ ഗാന്ധി

നാസിക്: വിദ്യാഭ്യാസം എന്നത് ആർക്കെങ്കിലും നൽകുന്ന ഔദാര്യമോ പ്രത്യേക പദവിയോ അല്ലെന്നും, ഇന്ത്യയിലെ ഓരോ വിദ്യാർഥിയുടെയും അടിസ്ഥാന അവകാശമാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ വ്യവസ്ഥിതിയുടെ അവഗണന നേരിടേണ്ടി വരുന്നത് അംഗീകരിക്കാനാവില്ലെന്നും ഭരണകൂടത്തിന്റെ പൂർണ പിന്തുണയും സഹായവും അവർക്ക് ലഭ്യമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയിലെ നാസിക് സന്ദർശനത്തിനിടെ, വിവിധ ആവശ്യങ്ങളുന്നയിച്ച് നിരാഹാര സമരം നടത്തുന്ന ആദിവാസി വിദ്യാർഥികളുടെ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗോത്രവിഭാഗങ്ങൾക്കായുള്ള ആശ്രമം സ്കൂളുകളുടെ ശോചനീയാവസ്ഥ, ഹോസ്റ്റൽ സൗകര്യങ്ങൾ, ഹോസ്റ്റലുകളിലെ സുരക്ഷാ പ്രശ്നങ്ങൾ, ഒഴിവുള്ള തസ്തികകളിലേക്കുള്ള നിയമനം എന്നിവയുൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥികൾ പ്രക്ഷോഭം നടത്തുന്നത്. സമരം ചെയ്യുന്ന വിദ്യാർഥികളുടെ പരാതികളും ആവശ്യങ്ങളും നേരിട്ട് കേട്ടറിഞ്ഞതായി രാഹുൽ ഗാന്ധി ‘എക്സി’ൽ കുറിച്ചു. ഓരോ വിദ്യാർഥിക്കും അന്തസ്സുള്ളതും സുരക്ഷിതവും പഠനത്തിന് അനുയോജ്യവുമായ സാഹചര്യം ലഭിക്കുക എന്നത് അവരുടെ അവകാശമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

നാസിക് സന്ദർശനവേളയിൽ മഹാരാഷ്ട്ര കോൺഗ്രസിലെ ജില്ലാതല നേതാക്കളുമായും രാഹുൽ ഗാന്ധി ആശയവിനിമയം നടത്തി. ജനങ്ങൾക്ക് നീതി ഉറപ്പാക്കാനും പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിന്ന് പോരാടാനും നേതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു. പിന്നാക്ക, ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങൾക്കായി കോൺഗ്രസ് എപ്പോഴും മുൻപന്തിയിലുണ്ടാകുമെന്നും വിദ്യാർഥികളുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ അടിയന്തരമായി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also read: