തമിഴ്‌നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ടിവികെ; വിജയ് ‘മുഖ്യമന്ത്രി സ്ഥാനാർഥി’
ചെന്നൈ: പാർട്ടി സ്ഥാപകനും നടനുമായ വിജയിയെ 2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ‘മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി’ പ്രഖ്യാപിച്ച് തമിഴക വെട്രി കഴകം(ടിവികെ). തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. അതേസമയം, സഖ്യങ്ങള്‍ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കാനുള്ള പൂര്‍ണ അധികാരം വിജയ്ക്ക് മാത്രമായിരിക്കുമെന്നും, പാര്‍ട്ടി സ്വന്തം മുന്നണിക്ക് നേതൃത്വം നല്‍കുമെന്നും മമല്ലാപുരത്ത് ചേര്‍ന്ന പ്രത്യേക ജനറല്‍ ബോഡി യോഗത്തില്‍ പ്രഖ്യാപിച്ചു.
കരൂരില്‍ സെപ്റ്റംബര്‍ 27-ന് വിജയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേര്‍ മരിച്ച സംഭവത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. വന്‍തോതിലുള്ള സുരക്ഷാ വീഴ്ചകളും ‘കൃത്രിമ കോലാഹലങ്ങളും’ നടന്നത് വിജയുടെ സ്വാധീനം മൂലം അധികാരത്തിലിരിക്കുന്നവര്‍ക്കുണ്ടായ നിരാശയില്‍ നിന്നാണെന്നു സംശയിക്കുന്നതായി യോഗം പ്രമേയം പാസാക്കി. വിജയിയുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പക്ഷപാതമില്ലാതെ സുരക്ഷാ സംവിധാനം ഒരുക്കണമെന്നും ടിവികെ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ഭരണകക്ഷിയായ ഡിഎംകെയുടെ ഐടി വിഭാഗം പാര്‍ട്ടിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നുവെന്നും, തെളിവുകളോടെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്ന പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ അനാവശ്യ നിയമനടപടികള്‍ സ്വീകരിക്കുന്നുവെന്നും ടിവികെ ആരോപിച്ചു. കൂടാതെ, തമിഴ്നാട്ടിലെ ക്രമസമാധാന നില തകര്‍ന്നതിനെ പാര്‍ട്ടി അപലപിച്ചു. കോയമ്പത്തൂര്‍ കൂട്ടബലാത്സംഗ കേസ് സംസ്ഥാനത്തെ സ്ത്രീ സുരക്ഷയുടെ പരാജയത്തിന്റെ തെളിവാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്ന 12 പ്രമേയങ്ങളാണ് യോഗത്തില്‍ പാസാക്കിയത്. വോട്ടര്‍ പട്ടികയുടെ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്.ഐ.ആര്‍) നിര്‍ത്തലാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ടിവികെ ആവശ്യപ്പെട്ടു. ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുന്നതില്‍ ഡിഎംകെ-ബിജെപി സര്‍ക്കാരുകള്‍ പരാജയപ്പെട്ടുവെന്നും കുറ്റപ്പെടുത്തി. ഡെല്‍റ്റാ കര്‍ഷകരുടെ ദുരിതങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍ കൈയ്യേറുന്നത് തടയുന്നതിലെ വീഴ്ച, വ്യാവസായിക നിക്ഷേപങ്ങളുടെ സുതാര്യതയ്ക്കായി ഒരു ധവളപത്രം പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ചെന്നൈയിലെ വെള്ളപ്പൊക്കം തടയാന്‍ മഴവെള്ള ഡ്രെയിനുകള്‍ പൂര്‍ത്തിയാക്കുക എന്ന ആവശ്യവും പ്രമേയങ്ങളിലുണ്ട്.