‘കോടികൾ അനുവദിച്ചിട്ടും ഒരു പണിയുമെടുക്കുന്നില്ല, ജീവനക്കാർ മടിയന്മാരും കഴിവുകെട്ടവരും’; സർക്കാർ ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ച് കങ്കണ
മാണ്ഡി: കേന്ദ്ര സർക്കാർ പദ്ധതികളുടെ നടത്തിപ്പിലെയും ഫണ്ട് വിനിയോഗത്തിലെയും വീഴ്ചകൾ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർക്ക് നേരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി എം.പിയും നടിയുമായ കങ്കണ റണാവത്ത്. ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ നടന്ന ജില്ലാ വികസന ഏകോപന നിരീക്ഷണ സമിതി (ദിഷ) യോഗത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ കങ്കണ പൊട്ടിത്തെറിച്ചത്. ദിഷയുടെ കീഴിലുള്ള വിവിധ വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനിടെയാണ് എം.പി ഉദ്യോഗസ്ഥരെ കടുത്ത ഭാഷയിൽ ശാസിച്ചത്. പൊതുജനങ്ങളുടെ നികുതിപ്പണം യഥാർത്ഥ ഗുണഭോക്താക്കളിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അത് യാതൊരു കാരണവശാലും ദുരുപയോഗം ചെയ്യാൻ പാടില്ലെന്നും അവർ യോഗത്തിൽ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി.
പൊതുപണത്തിന്റെ 30 മുതൽ 40 ശതമാനം വരെ അർഹതയില്ലാത്തവരുടെ കൈകളിലേക്കാണ് പോകുന്നതെന്ന് കങ്കണ ആരോപിച്ചു. ഇക്കാര്യത്തിൽ കൃത്യമായ നിരീക്ഷണവും ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്തബോധവും അനിവാര്യമാണ്. കാര്യങ്ങൾ വെറുതെ പറഞ്ഞു തീർക്കാനുള്ള സമയം കഴിഞ്ഞുവെന്നും, രണ്ട് വർഷം മുൻപ് തുടങ്ങിവെച്ച പല കാര്യങ്ങളും ഇപ്പോഴും എങ്ങുമെത്തിയിട്ടില്ലെന്നും അവർ കുറ്റപ്പെടുത്തി. 11 കോടി രൂപ അനുവദിച്ചിട്ടും ഇതുവരെ യാതൊരു പണിയും നടക്കാത്തത് വളരെ ദയനീയമായ അവസ്ഥയാണെന്നും എം.പി ചൂണ്ടിക്കാട്ടി. മാധ്യമപ്രവർത്തകരോട് താൻ എന്ത് മറുപടിയാണ് പറയേണ്ടതെന്ന് ചോദിച്ച കങ്കണ, ഉദ്യോഗസ്ഥർ കേവലം ശമ്പളം വാങ്ങാൻ വേണ്ടി മാത്രമാണ് ഇവിടെ വരുന്നതെന്ന് പറയണമോ എന്നും ചോദിച്ചു. ഉത്തരവാദിത്തപ്പെട്ട കസേരകളിൽ ഇരിക്കുന്നവർ തികഞ്ഞ മടിയന്മാരും കഴിവുകെട്ടവരുമാണെന്നാണോ താൻ മാധ്യമങ്ങൾക്ക് മുന്നിൽ പറയേണ്ടതെന്നും അവർ ക്ഷോഭത്തോടെ ചോദിച്ചു.
കേന്ദ്രാവിഷ്കൃത പദ്ധതികൾ കേവലം കടലാസിലൊതുങ്ങാതെ അതിന്റെ പ്രയോജനം അർഹരായ ആളുകളിലേക്ക് എത്തണമെന്ന് അവർ ഉദ്യോഗസ്ഥരെ ഓർമ്മിപ്പിച്ചു. വികസന പ്രവർത്തനങ്ങളുടെ ഗുണമേന്മ, പദ്ധതികളുടെ പുരോഗതി, സർക്കാർ ഫണ്ടുകളുടെ വിനിയോഗം എന്നിവയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും സൂക്ഷ്മമായ നിരീക്ഷണം ഉണ്ടാകണമെന്നും കങ്കണ നിർദേശിച്ചു. മുൻപും ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളിൽ കങ്കണ പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. അവലോകന യോഗങ്ങളെയും നടപടികളെയും നിസ്സാരമായി കാണരുതെന്ന് അവർ നേരത്തെയും ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.