‘കർണാടകയിൽ അധ്യാപകർക്ക് ഇനി പേരിനൊപ്പം Tr എന്ന് ചേർക്കാം’; പ്രഖ്യാപനവുമായി ഡി.കെ ശിവകുമാർ
ബെംഗളൂരു: കർണാടകയിലെ അധ്യാപകർക്ക് ഇനി പേരിന് മുന്നിൽ ‘Tr’ എന്ന പ്രിഫിക്സ് ഔദ്യോഗികമായി ഉപയോഗിക്കാം. അധ്യാപക സമൂഹത്തിന് കൂടുതൽ ആദരവും പ്രൊഫഷണൽ അംഗീകാരവും നൽകുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാരിന്റെ ഈ തീരുമാനം. വിജയ്നഗര ജില്ലയിലെ കൂഡ്ലിഗിയിൽ നടന്ന അധ്യാപകദിന ചടങ്ങിൽ ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറാണ് പ്രഖ്യാപനം നടത്തിയത്.
ഡോക്ടർമാർക്ക് ‘Dr’, പ്രൊഫസർമാർക്ക് ‘Prof’ എന്നിവ നൽകുന്നതിന് സമാനമായാണ് അധ്യാപകർക്കായി ‘Tr’ അനുവദിച്ചിരിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം അധ്യാപകർക്ക് ഇത്തരമൊരു പദവി പ്രിഫിക്സ് അനുവദിക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവും സർക്കാർ പുറത്തിറക്കി.
കർണാടകയിലെ 4.5 ലക്ഷത്തോളം വരുന്ന അധ്യാപകർ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള ഒരു കോടിയിലധികം വരുന്ന അധ്യാപകർ സമൂഹത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നതായി ഡി.കെ ശിവകുമാർ പറഞ്ഞു. ‘Tr’ എന്നത് വെറുമൊരു പദവിയല്ലെന്നും അധ്യാപകർ സമൂഹത്തിന് നൽകുന്ന ദീർഘകാല സേവനത്തിനുള്ള അംഗീകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാർഥികളിൽ ഭരണഘടനാ മൂല്യങ്ങളും ശാസ്ത്രീയ മനോഭാവവും വളർത്തുന്നതിൽ അധ്യാപകർ വഹിക്കുന്ന പങ്കും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന പ്രശ്നങ്ങളും അധ്യാപക ഒഴിവുകളും നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ തീരുമാനം എത്രത്തോളം മാറ്റം കൊണ്ടുവരുമെന്ന ചർച്ചകളും സജീവമാണ്. ജൂലൈയിൽ 15,000 അധ്യാപകരുടെ നേരിട്ടുള്ള നിയമനത്തിന് കർണാടക മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.