28/03/2026
[fontresizer_tawhidurrahmandear_widget]

ബിഹാര്‍ വോട്ടെടുപ്പിനിടെ ഉപമുഖ്യമന്ത്രി വിജയ് സിന്‍ഹയ്ക്കുനേരെ ചെരിപ്പും ചാണകവും എറിഞ്ഞ് ജനക്കൂട്ടം; വാഹനവ്യൂഹം ആക്രമിച്ചു

 ബിഹാര്‍ വോട്ടെടുപ്പിനിടെ ഉപമുഖ്യമന്ത്രി വിജയ് സിന്‍ഹയ്ക്കുനേരെ ചെരിപ്പും ചാണകവും എറിഞ്ഞ് ജനക്കൂട്ടം; വാഹനവ്യൂഹം ആക്രമിച്ചു

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹയുടെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം. ലഖിസരായ് മണ്ഡലത്തിലെ പോളിങ് ബൂത്തുകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ബിജെപി സ്ഥാനാര്‍ഥി കൂടിയായ വിജയ് സിന്‍ഹയ്ക്കുനേരെ ജനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. പ്രതിഷേധക്കാര്‍ അദ്ദേഹത്തിന്റെ കാറിന് ചുറ്റും കൂടിനിന്ന് മുദ്രാവാക്യം വിളിക്കുകയും ചെരിപ്പുകളും കല്ലുകളും ചാണകവും എറിയുകയും ചെയ്തു.

വോട്ടെടുപ്പ് നടക്കുന്ന ഖോരിയറി ഗ്രാമത്തിലെ പോളിങ് ബൂത്തുകള്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് സംഭവം. ‘വിജയ് സിന്‍ഹ മൂര്‍ദാബാദ്’ എന്ന് ആക്രോശിച്ച പ്രതിഷേധക്കാര്‍ അദ്ദേഹത്തിന്റെ വാഹനത്തിന് മുന്നില്‍ തടസം സൃഷ്ടിക്കുകയും മണ്ഡലത്തിലേക്ക് പ്രവേശിക്കുന്നത് തടയുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവന്നു.

ആക്രമണത്തോട് രൂക്ഷമായ ഭാഷയിലാണ് ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹ പ്രതികരിച്ചത്. രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിന്‍ഹ ആരോപിച്ചു. ഇതൊക്കെ ആര്‍ജെഡിയുടെ ഗുണ്ടകളാണ്. എന്‍ഡിഎ അധികാരത്തില്‍ വരുമ്പോള്‍ ഇവരുടെ നെഞ്ചില്‍ ബുള്‍ഡോസര്‍ ഓടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പോളിങ് ഏജന്റിനെ പോലും ഇവര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും വോട്ടര്‍മാരെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും സിന്‍ഹ ആരോപിച്ചു. ഉടന്‍ സ്‌പെഷ്യല്‍ ഫോഴ്‌സിനെ അയക്കണമെന്ന് അദ്ദേഹം പൊലീസിനോട് ആവശ്യപ്പെടുകയും സംഭവത്തില്‍ പ്രതിഷേധിച്ച് സ്ഥലത്ത് കുത്തിയിരിക്കുകയും ചെയ്തു.

അതേസമയം, സംഭവത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് ആര്‍ജെഡി നേതൃത്വം വ്യക്തമാക്കി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത്, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഉടന്‍ തന്നെ സംസ്ഥാന ഡിജിപിയോട് സംഭവത്തില്‍ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി.

Also read: