ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യ തകർത്ത ഭീകര ക്യാമ്പുകളും സൈനിക പോസ്റ്റുകളും വനത്തിനുള്ളിൽ വീണ്ടും നിർമ്മിച്ച് പാകിസ്താൻ
ന്യൂഡൽഹി: കഴിഞ്ഞ വർഷം നടന്ന ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിയിൽ തകർന്നടിഞ്ഞ തങ്ങളുടെ സൈനിക പോസ്റ്റുകളും ഭീകര കേന്ദ്രങ്ങളും പാകിസ്താൻ അതിവേഗം പുനർനിർമ്മിക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്.
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി 2025 മേയ് 7 ന് പുലർച്ചെയാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലുമുള്ള ജെയ്ഷെ മുഹമ്മദ്, ലഷ്കർ ഇ ത്വയ്ബ, ഹിസ്ബുൽ മുജാഹിദീൻ എന്നീ ഭീകര സംഘടനകളുമായി ബന്ധപ്പെട്ട ഒമ്പത് ക്യാമ്പുകളിലായിരുന്നു ഇന്ത്യ ആദ്യം ആക്രമണം നടത്തിയത്.
എന്നാൽ ഈ വലിയ ആക്രമണങ്ങളിൽ നിന്നും പാകിസ്താൻ യാതൊരു പാഠവും ഉൾക്കൊണ്ടിട്ടില്ലെന്നാണ് ഇന്ത്യൻ സൈന്യവും വ്യോമസേനയും തകർത്ത അടിസ്ഥാന സൗകര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുനർനിർമ്മിക്കുന്നതിലൂടെ വ്യക്തമാകുന്നത്.
ഇന്ത്യയുടെ തെർമൽ ഇമേജറുകൾ, റഡാറുകൾ, ഉപഗ്രഹ നിരീക്ഷണം എന്നിവയിൽ നിന്നും മറഞ്ഞിരിക്കുന്നതിനായി നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള നിബിഡ വനങ്ങളിൽ വളരെ ചെറിയ കേന്ദ്രങ്ങളായാണ് പുതിയ ക്യാമ്പുകൾ നിർമ്മിക്കുന്നത്. ലൂണി, പുട്വാൾ, തൈപു പോസ്റ്റ്, ജമീല പോസ്റ്റ്, ഉമ്രാൻവാലി, ചപ്രർ, ഫോർവേഡ് കഹുട്ട, ചോട്ടാ ചക്, ജംഗ്ലോറ തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ പുതിയ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ഇത്തരം കേന്ദ്രങ്ങളിൽ ഡ്രോൺ വിരുദ്ധ സംവിധാനങ്ങളും തെർമൽ സെൻസറുകളും പാകിസ്താൻ സജ്ജമാക്കിയിട്ടുണ്ട്.
മേയ് പത്താം തീയതിയിലെ വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം ആദ്യത്തെ രണ്ട് മാസം ഇന്ത്യയുടെ ഭാഗത്ത് നിന്ന് വീണ്ടും ആക്രമണം ഉണ്ടായേക്കുമെന്ന ഭയത്താൽ നിർമ്മാണ പ്രവർത്തനങ്ങൾ വളരെ മന്ദഗതിയിലായിരുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് മാസമായി ഇവിടെ പ്രവർത്തനങ്ങൾ അതിവേഗത്തിലാണ് നടക്കുന്നത്. ചില അടിസ്ഥാന സൗകര്യങ്ങൾ ഇതിനോടകം പ്രവർത്തനസജ്ജമായിട്ടുണ്ട്. പല കേന്ദ്രങ്ങളും താൽക്കാലിക സംവിധാനങ്ങളിലായാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ചിലയിടങ്ങളിൽ മുൻപുണ്ടായ ആക്രമണത്തിലെ നാശനഷ്ടങ്ങൾക്ക് വലിയ മാറ്റങ്ങളില്ലാതെ തുടരുന്നുണ്ടെന്നും ഉന്നത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ഓപ്പറേഷൻ സിന്ദൂർ സമയത്ത് സംഘർഷം രൂക്ഷമായതോടെ നൂർ ഖാൻ, സർഗോധ, റഫീഖി, മുരീദ്, സുകുർ, സിയാൽകോട്ട്, പാസ്രൂർ, ചുനിയൻ, സ്കർദു, ഭോലാരി, ജേക്കബാബാദ് തുടങ്ങി പതിനൊന്ന് പാക് വ്യോമതാവളങ്ങളിലും ഇന്ത്യ കനത്ത ആക്രമണം നടത്തിയിരുന്നു. എൺപത്തിയെട്ട് മണിക്കൂർ നീണ്ടുനിന്ന ഈ സംഘർഷത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ കീഴിൽ ബി.എസ്.എഫ് പഞ്ചാബ്, ജമ്മു സെക്ടറുകളിലെ 118 പാക് അതിർത്തി പോസ്റ്റുകൾ തകർത്തു.
പാകിസ്താന്റെ വാർത്താവിനിമയ സംവിധാനങ്ങൾ, പ്രതിരോധ കോട്ടകൾ, നിരീക്ഷണ സംവിധാനങ്ങൾ എന്നിവയെല്ലാം ഇതിൽ നശിപ്പിക്കപ്പെട്ടിരുന്നു. പെഷവാർ, ജാങ്, ഗുജറാത്ത്, ബഹവൽനഗർ, അറ്റോക്ക്, ഹൈദരാബാദ്, സിന്ധിലെ ചോർ എന്നീ ഏഴ് താവളങ്ങളിൽ കൂടി ഇന്ത്യ ആക്രമണം നടത്തിയതായി പാകിസ്താൻ പുറത്തുവിട്ട രേഖകൾ പിന്നീട് വ്യക്തമാക്കിയിരുന്നു. ഈ ആക്രമണങ്ങളിൽ തകർന്ന താവളങ്ങൾ നന്നാക്കാനും ജെ.എഫ്-17 യുദ്ധവിമാനങ്ങളും സി-130 ഗതാഗത വിമാനങ്ങളും പുനരുദ്ധരിക്കാനുമായി ദശലക്ഷക്കണക്കിന് ഡോളറിന്റെ ടെൻഡറുകളാണ് പാകിസ്താൻ പിന്നീട് വിളിച്ചത്.