‘വൈറലായപ്പോൾ ക്രെഡിറ്റ് അടിച്ചുമാറ്റാൻ ഫോട്ടോ ഷൂട്ട് ; കേന്ദ്ര സർക്കാരിന്റേത് വെറും പിആർ നാടകമെന്ന് ധ്രുവ് റാഠി, വിമർശനത്തിന് മറുപടി നൽകി ബിട്ടു തബാഹി
ഭോപ്പാൽ: പ്ലാസ്റ്റിക്കും മാലിന്യങ്ങളും നിറഞ്ഞ് ചീഞ്ഞുനാറിയ അജ്നാർ നദി സ്വന്തം കൈകൾ കൊണ്ട് വൃത്തിയാക്കി രാജ്യത്തിന്റെ ഹീറോയായി മാറിയ 21-കാരൻ സുരേന്ദ്ര സിംഗ് ചൗധരി എന്ന ബിട്ടു തബാഹി വീണ്ടും ചർച്ചകളിൽ നിറയുന്നു. നദി ശുചീകരണത്തിന് പിന്നാലെ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവുമായുള്ള ബിട്ടുവിന്റെ കൂടിക്കാഴ്ചയെ വിമർശിച്ച പ്രമുഖ യൂട്യൂബർ ധ്രുവ് റാഠിക്ക് ബിട്ടു നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മധ്യപ്രദേശിലെ ബിയോറയിൽ നിന്നുള്ള ബിഎസ്‌സി വിദ്യാർത്ഥിയായ ബിട്ടു, വലിയ യന്ത്രങ്ങളോ ശുചീകരണ തൊഴിലാളികളുടെ സഹായമോ ഇല്ലാതെയാണ് അജ്നാർ നദിയിലെ മാലിന്യങ്ങൾ നീക്കം ചെയ്തത്. 2026 ജനുവരി 26-നാണ് ഇയാൾ നദി ശുചീകരണം ആരംഭിക്കുന്നത്. സുരക്ഷാ സാമഗ്രികൾ ഒന്നുമില്ലാതെ മാലിന്യം നീക്കിയതിനെ തുടർന്ന് ചർമ്മത്തിൽ അണുബാധയുണ്ടായെങ്കിലും ബിട്ടു പിന്മാറിയില്ല. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായതോടെയാണ് ഇയാൾക്ക് ‘ബിട്ടു തബാഹി’ എന്ന പേര് ലഭിക്കുന്നതും മുഖ്യമന്ത്രിയുടെ അടുക്കലേക്ക് ക്ഷണം ലഭിക്കുന്നതും.
എന്നാൽ, ബിട്ടുവും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വിമർശനവുമായി യൂട്യൂബർ ധ്രുവ് രാഠി രംഗത്തെത്തി. “ക്രെഡിറ്റ് അടിച്ചുമാറ്റാൻ വന്നിരിക്കുന്നു… മുഴുവൻ ജോലിയും ഒരു ചെറുപ്പക്കാരൻ ചെയ്തു, അത് വൈറലായപ്പോൾ ഫോട്ടോ ഷൂട്ടിനായി അവനെ വിളിച്ചുവരുത്തി…” എന്നായിരുന്നു ധ്രുവ് രാഠിയുടെ കമന്റ്. സർക്കാർ കേവലം പിആർ ജോലികൾ മാത്രമാണ് ചെയ്യുന്നതെന്നും ഇത്രയും നാൾ യുവാവ് ജോലി ചെയ്തപ്പോൾ കാണാത്ത സർക്കാർ ഇപ്പോൾ എത്തിയത് എന്തിനാണെന്നും ധ്രുവ് ചോദ്യമുയർത്തി.
എന്നാൽ ധ്രുവ് രാഠിയുടെ വാദങ്ങളെ വളരെ ലളിതമായി ബിട്ടു തിരുത്തി. ‘ധ്രുവ് ഭയ്യാ, ഇത് ക്രെഡിറ്റ് എടുക്കുന്ന കാര്യമല്ല, സർക്കാർ മുൻപും എന്റെ ജോലിയെ പ്രശംസിച്ചിട്ടുണ്ട്. ഇവിടെ വിഷയം പൗരബോധത്തിന്റേതാണ്’ എന്നായിരുന്നു ബിട്ടുവിന്റെ മറുപടി. പരിസ്ഥിതി സംരക്ഷണം സർക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും ജനങ്ങൾ സ്വന്തം ചുമതല മനസ്സിലാക്കി മുന്നോട്ട് വരണമെന്നും ബിട്ടു വ്യക്തമാക്കി.
നദി വൃത്തിയാക്കിയെങ്കിലും ആളുകൾ വീണ്ടും അതിലേക്ക് മാലിന്യങ്ങൾ തള്ളുന്നത് തുടരുകയാണെന്ന് ബിട്ടു ചൂണ്ടിക്കാട്ടി. ഒരു വ്യക്തി വിചാരിച്ചാൽ നദി വൃത്തിയാക്കാം, എന്നാൽ അത് എന്നും വൃത്തിയായി സൂക്ഷിക്കാൻ എല്ലാവരുടെയും സഹകരണം വേണം. ബിട്ടുവിന്റെ ഈ ഉദ്യമത്തെ പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര പ്രശംസിച്ചിരുന്നു. കൂടാതെ നെതർലാന്റ്സ് ആസ്ഥാനമായ ‘ദി ഓഷ്യൻ ക്ലീനപ്പ്’ സ്ഥാപകൻ ബോയൻ സ്ലാറ്റ് ബിട്ടുവിന് ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.