03/03/2026
[fontresizer_tawhidurrahmandear_widget]

‘പൈലറ്റിന്റെ പിഴവാണെന്ന് ആരും വിശ്വസിക്കുന്നില്ല’ ; അഹമ്മദാബാദ് വിമാനദുരന്തത്തില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്‌

 ‘പൈലറ്റിന്റെ പിഴവാണെന്ന് ആരും വിശ്വസിക്കുന്നില്ല’ ; അഹമ്മദാബാദ് വിമാനദുരന്തത്തില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്‌

ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ 260 പേര്‍ കൊല്ലപ്പെട്ട വിമാനദുരന്തത്തില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോടതി. ദുരന്തം പൈലറ്റിന്റെ പിഴവാണെന്ന് ആരും വിശ്വസിക്കുന്നില്ലെന്നും പൈലറ്റുമാരെ കുറ്റപ്പെടുത്താനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനും സിവില്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും(ഡിജിസിഎ) എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയ്ക്കും(എഎഐബി) കോടതി നോട്ടീസ് അയച്ചു.

അപകടത്തില്‍ മരിച്ച പൈലറ്റ് സുമീത് സബര്‍വാളിന്റെ 91 വയസ്സുള്ള പിതാവ് പുഷ്‌കരാജ് സബര്‍വാളിന്റെയും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പൈലറ്റ്സിന്റെയും(എഫ്ഐപി) ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് സൂര്യകാന്തിന്റെ സുപ്രധാന നിരീക്ഷണം. ”വിമാനദുരന്തം തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. എന്നാല്‍, ദുരന്തത്തില്‍ നിങ്ങളുടെ മകനെ കുറ്റപ്പെടുത്തുന്നതിന്റെ ഭാരം നിങ്ങള്‍ ചുമലിലേറ്റേണ്ടതില്ല. ദുരന്തം പൈലറ്റിന്റെ പിഴവാണെന്ന് ഇന്ത്യയില്‍ ആരും വിശ്വസിക്കുന്നില്ല. എഎഐബിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പൈലറ്റിനെതിരായ സൂചനകളൊന്നുമില്ല. ഒരു പൈലറ്റ് ഇന്ധനവിതരണം തടസപ്പെട്ടോ എന്നു ചോദിക്കുക്കുകയും സഹ പൈലറ്റ് ഇല്ലെന്നു പറയുകയും ചെയ്യുന്നുണ്ട് എന്നു മാത്രമേയുള്ളൂ”-ജഡ്ജി ചൂണ്ടിക്കാട്ടി.

എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ (എഎഐബി) പ്രാഥമിക റിപ്പോര്‍ട്ടനുസരിച്ച്, പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ രണ്ട് എഞ്ചിനുകളിലേക്കുമുള്ള ഇന്ധന വിതരണം നിലച്ചതാണ് അപകടത്തിലേക്ക് നയിച്ചത്. ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ കട്ട്ഓഫ് സ്ഥാനത്തേക്ക് മാറിയെന്നും ഏകദേശം 10 സെക്കന്‍ഡുകള്‍ക്ക് ശേഷം ഓണാക്കിയെങ്കിലും എഞ്ചിനുകള്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എഎഐബി അന്വേഷണം സ്വതന്ത്രമല്ലാത്തതിനാല്‍ എയര്‍ ഇന്ത്യാ അപകടത്തെക്കുറിച്ച് സ്വതന്ത്ര ജുഡീഷ്യല്‍ കമ്മിറ്റി അന്വേഷിക്കണമെന്ന് പൈലറ്റിന്റെ പിതാവിന്റെ അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ലോകമെമ്പാടും ബോയിംഗ് വിമാനങ്ങള്‍ക്ക് പ്രശ്നങ്ങളുണ്ടെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്രത്തിനും ഡിജിസിഎയ്ക്കും നോട്ടീസ് അയച്ച കോടതി, കേസ് നവംബര്‍ 10ന് വീണ്ടും പരിഗണിക്കും.

Also read: