ലോകത്തിലെ ഏറ്റവും വലിയ പണക്കാരനായ എലോൺ മസ്ക് ഇപ്പോഴും വാടകവീട്ടിൽ താമസിക്കുന്നത് എന്തുകൊണ്ട്?
ലോകത്തിലെ ഏറ്റവും ധനികനായ എലോൺ മസ്ക്, തന്റെ വൻ സമ്പത്തിനിടയിലും ലളിതമായ ജീവിതശൈലി പിന്തുടരുന്നത് വീണ്ടും ശ്രദ്ധ നേടുന്നു. സ്പേസ് എക്സിന്റെ വിജയകരമായ ഐപിഒയ്ക്ക് ശേഷം ലോകത്തിലെ ആദ്യത്തെ ട്രില്യണയർ ആയി മാറിയെങ്കിലും, ആഡംബര മാളികകൾക്ക് പകരം ടെക്സസിലെ ഒരു ചെറിയ വാടകവീട്ടിലാണ് മസ്ക് താമസിക്കുന്നത്.
ടെക്സസിലെ ബോക ചിക്കയിൽ സ്പേസ് എക്സിന്റെ സ്റ്റാർബേസ് ആസ്ഥാനത്തിന് സമീപമുള്ള പ്രീഫാബ്രിക്കേറ്റഡ് വീടാണ് അദ്ദേഹത്തിന്റെ പ്രധാന വസതി. ഏകദേശം 50,000 ഡോളർ മാത്രം വിലമതിക്കുന്ന രണ്ട് കിടപ്പുമുറികളുള്ള ഈ വീട് സ്പേസ് എക്സിൽ നിന്നാണ് അദ്ദേഹം വാടകയ്ക്കെടുത്തിരിക്കുന്നത്. സുഖസൗകര്യങ്ങളെക്കാൾ പ്രായോഗികതയ്ക്ക് പ്രാധാന്യം നൽകുന്ന മസ്ക്, ലളിതമായ മരമേശയിലാണ് ജോലി ചെയ്യുന്നത്. വീട്ടിൽ ഭക്ഷണസാധനങ്ങൾ കുറവാണെന്നും മസ്ക് ഗാരേജിലാണ് ഉറങ്ങിയിരുന്നതെന്നും അമ്മ മെയ് മസ്കും വെളിപ്പെടുത്തിയിരുന്നു.
സുഖസൗകര്യങ്ങളെക്കാൾ എപ്പോഴും ജോലിക്ക് മുൻഗണന നൽകുന്ന വ്യക്തിയാണ് മസ്ക്. മുൻപ് ടെസ്ലയിലെ ഉൽപ്പാദന പ്രതിസന്ധികളുടെ സമയത്ത് ഫാക്ടറി തറയിലാണ് അദ്ദേഹം ഉറങ്ങിയിരുന്നത്. 2020-ൽ ടെക്സാസിലേക്ക് താമസം മാറ്റിയതിനെത്തുടർന്ന് കാലിഫോർണിയയിലുണ്ടായിരുന്ന തന്റെ ഭൂരിഭാഗം സ്വത്തുക്കളും അദ്ദേഹം വിറ്റഴിച്ചിരുന്നു. ഓസ്റ്റിനിൽ മറ്റ് സ്വത്തുക്കളുണ്ടെങ്കിലും ലോഞ്ച് പാഡിന് അടുത്തുള്ള ചെറിയ വീട്ടിലാണ് അദ്ദേഹം കൂടുതൽ സമയവും ചെലവഴിക്കുന്നത്.
75 ബില്യൺ ഡോളർ സമാഹരിക്കുകയും 1.77 ട്രില്യൺ ഡോളർ മൂല്യം കൈവരിക്കുകയും ചെയ്ത സ്പേസ് എക്സിന്റെ വളർച്ചയാണ് മസ്കിന്റെ സമ്പത്ത് വൻതോതിൽ ഉയർത്തിയത്. ബഹിരാകാശ രംഗത്ത് വൻ കുതിപ്പ് തുടരുമ്പോഴും, ശതകോടീശ്വരന്റെ എളിമയുള്ള ജീവിതശൈലി ലോകമെമ്പാടും ചർച്ചയാവുകയാണ്.