കൊയ്യോട് ഉമർ മുസ്ലിയാർ സമസ്ത ജനറൽ സെക്രട്ടറി, എം.ടി അബ്ദുല്ല മുസ്ലിയാർ ട്രഷറർ | Koyyode Umar Musliyar Samastha General Secretary
എം.ടി അബ്ദുല്ല മുസ്‍ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്‍ലിയാര്‍
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പുതിയ ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്ലിയാരെ തിരഞ്ഞെടുത്തു(Koyyode Umar Musliyar Samastha General Secretary). പ്രൊഫസർ കെ. ആലിക്കുട്ടി മുസ്ലിയാരുടെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലേക്കാണു നിയമനം. സമസ്തയുടെ ട്രഷററായി എം.ടി അബ്ദുല്ല മുസ്ലിയാരെയും തിരഞ്ഞെടുത്തു. കോഴിക്കോട്ട് ചേർന്ന കേന്ദ്ര മുശാവറ യോഗത്തിലാണു തീരുമാനം ഉണ്ടായത്.
സമസ്തയുടെ നിലവിലെ സമിതിയിൽ ട്രഷറർ പദവി വഹിച്ചു വരികയായിരുന്നു കൊയ്യോട് ഉമർ മുസ്ലിയാർ. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അദ്ദേഹത്തെ നിയോഗിച്ചതോടെയാണ് ട്രഷറർ സ്ഥാനത്തേക്ക് എം.ടി അബ്ദുല്ല മുസ്ലിയാരെ തിരഞ്ഞെടുത്തത്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെയും സമസ്തയുടെയും വിവിധ പോഷക സംഘടനകളുടെയും നേതൃനിരയിൽ പതിറ്റാണ്ടുകളുടെ പ്രവർത്തന പരിചയമുള്ള വ്യക്തിത്വമാണ് കൊയ്യോട് ഉമർ മുസ്ലിയാർ.
സംഘടനയുടെ വൈസ് പ്രസിഡന്റുമാരായി വി. മൂസക്കോയ മുസ്ലിയാർ, എ.വി അബ്ദുറഹ്മാൻ മുസ്ലിയാർ എന്നിവരെ യോഗം തിരഞ്ഞെടുത്തു. സമസ്തയുടെ ജോയിന്റ് സെക്രട്ടറിയായി പനങ്ങാങ്ങര ഹൈദർ ഫൈസിയെയും ചുമതലപ്പെടുത്തി. ദീർഘകാലം ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച പ്രൊഫസർ കെ. ആലിക്കുട്ടി മുസ്ലിയാരുടെ വിയോഗം സൃഷ്ടിച്ച ശൂന്യത നികത്തുന്നതിനാണ് സമസ്ത കേന്ദ്ര മുശാവറ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
ഇതിനു പുറമെ പ്രത്യേക സാഹചര്യങ്ങളിലുള്ള ചർച്ചകൾക്കായി കൂടിയാലോചന സമിതിക്കും രൂപം നൽകിയിട്ടുണ്ട്. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പി.പി ഉമ്മർ മുസ്ലിയാർ കൊയ്യോട്, എം.ടി അബ്ദുല്ല മുസ്ലിയാർ എന്നിവർക്കു പുറമെ എ.വി അബ്ദുറഹിമാൻ മുസ്ലിയാർ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി കൂരിയാട്, പി.കെ ഹംസക്കുട്ടി മുസ്ലിയാർ ആദൃശേരി, വാക്കോട് മൊയ്തീൻകുട്ടി മുസ്ലിയാർ, പി.എം അബ്ദുസ്സലാം ബാഖവി എന്നിവരാണു സമിതിയിലെ അംഗങ്ങൾ.
മുശാവറയുടെ ഫത്‌വ കമ്മിറ്റിയും പുനഃസംഘടിപ്പിച്ചു. മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ആണ് ചെയർമാൻ. എം.ടി അബ്ദുല്ല മുസ്ലിയാർ കൺവീനറുമാണ്. പി.പി ഉമ്മർ മുസ്ലിയാർ കൊയ്യോട്, പി.കെ മൂസക്കുട്ടി ഹസ്റത്ത്, ഡോ. സി.കെ അബ്ദുറഹിമാൻ ഫൈസി അരിപ്ര, അബ്ദുൽ ഗഫൂർ അൻവരി മുതൂര് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.