‘ആരോഗ്യ പ്രശ്നങ്ങളുണ്ടോ? മാറ്റാന്‍ ആർ.എസ്.എസിൽ ചേർന്നാൽ മതി’; വിചിത്ര ഉപദേശവുമായി സുവേന്ദു അധികാരി
സുവേന്ദു അധികാരി
കൊൽക്കത്ത: ആരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരമായി ആർ.എസ്.എസിൽ ചേർന്നാൽ മതിയെന്ന വിചിത്ര പരാമർശവുമായി ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. ശാരീരിക അസ്വസ്ഥതകൾ അനുഭവിക്കുന്ന ഏതൊരാളും രാഷ്ട്രനിർമ്മാണത്തിന് സംഭാവന നൽകുന്നതിനുമുമ്പ് ഒരു ആർ.എസ്.എസ് ശാഖയിൽ ചേരുകയും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുകയും ചെയ്‌താൽ മതിയെന്നായിരുന്നു സുവേന്ദു അധികാരിയുടെ പരാമർശം. ന്യൂ ടൗണിൽ നിർമിച്ച ആർ.എസ്.എസിന്റെ പുതിയ മേഖലാ ഓഫീസായ കേശവ് സ്മൃതി ഭവന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ ഏറ്റവും വലിയ ഹിന്ദുത്വസംഘടനയാണ് ആർ.എസ്.എസ് എന്നും ഉത്തരവാദിത്തമുള്ള പൗരന്മാരായി വ്യക്തികളെ വളർത്തിയെടുക്കുകയാണ് ഈ സംഘടനയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ശാരീരിക അസ്വസ്ഥതകൾ ഉള്ളവർ അവരവരുടെ പ്രദേശങ്ങളിലെ ആർ.എസ്.എസ് ശാഖയിൽ ചേരുകയും സുഖം പ്രാപിക്കുകയും രാഷ്ട്രനിർമാണത്തിൽ പങ്കാളികളാകുകയും വേണമെന്നും സുവേന്ദു അധികാരി കൂട്ടിച്ചേർത്തു.
പശ്ചിമ ബംഗാളിൽ ആർ.എസ്.എസ് സംഘടനാ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഓഫീസ് തുറന്നതെന്ന് പ്രവർത്തകർ പറഞ്ഞു. മുഖ്യമന്ത്രി സുവേന്ദു അധികാരിക്ക് ഒപ്പം ബി.ജെ.പി എം.എൽ.എ പിയൂഷ് കനോറിയയും മുതിർന്ന ആർ.എസ്.എസ് പ്രവർത്തകരും കേശവ് സ്മൃതി ഭവന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കുള്ളിൽ തന്നെ സംസ്ഥാനത്തെ ആർ.എസ്.എസ് ശാഖകളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. മെയ് മാസത്തിൽ ശാഖകളുടെ എണ്ണം ഏകദേശം അയ്യായിരമായിരുന്നുവെന്നും ഉടൻ തന്നെ അത് പതിനായിരമായി ഉയരുമെന്നും ആർ.എസ്.എസ് വൃത്തങ്ങൾ അറിയിച്ചു.