കയറിൽ കുരുങ്ങിയ പശുവിന് രക്ഷകയായി, നന്ദി പറയാൻ വീട്ടുപടിക്കലെത്തി മുഴുവൻ കൂട്ടവും; മനംകവർന്ന് വൈറൽ വീഡിയോ
ഇന്റർനെറ്റിൽ മനുഷ്യരുടെയും മൃഗങ്ങളുടെയും മനോഹരമായ സ്നേഹബന്ധങ്ങളുടെ വീഡിയോകൾക്ക് എന്നും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഒരു കയറിൽ കുരുങ്ങി കിടന്ന പശുവിനെ മോചിപ്പിച്ച യുവതിക്ക് നന്ദി പറയാൻ പശുക്കളുടെ ഒരു കൂട്ടം തന്നെ അവരുടെ വീടിന് മുന്നിലെത്തിയ അപൂർവ്വ കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കയറിൽ നിന്ന് പശുവിനെ മോചിപ്പിച്ച് അധികം വൈകാതെ തന്നെ പശുക്കളുടെ ഒരു വലിയ കൂട്ടം തന്നെ യുവതിയെ കാണാൻ വീടിന് സമീപത്തേക്ക് എത്തുകയായിരുന്നു. മൃഗങ്ങൾ മനുഷ്യരോട് എങ്ങനെ സ്നേഹവും നന്ദിയും പ്രകടിപ്പിക്കുന്നു എന്നതിന്റെ വേറിട്ട ഉദാഹരണമാണ് ഈ രംഗങ്ങൾ. യുവതിയെ കണ്ടതും പശുക്കൾ സ്നേഹത്തോടെ കൈകൾ നക്കുകയാണെന്നും അതിനിടെ യുവതി അവയെ ലാളിച്ച് തലോടുന്നതും വീഡിയോയിൽ കാണാം.
വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നത്. ധാരാളം ആളുകളാണ് ഇതിനോടകം വീഡിയോയ്ക്ക് താഴെ സ്നേഹം നിറച്ച കമന്റുകളുമായി എത്തിയത്. “അവർ നിങ്ങളെ അവരുടെ അടുത്ത സുഹൃത്തുക്കളുടെ പട്ടികയിലേക്ക് ചേർത്തു” എന്നായിരുന്നു ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവിന്റെ കമന്റ്. “ഇനി മുതൽ ഏറ്റവും നല്ല പുല്ലുള്ള സ്ഥലങ്ങളുടെ ലൊക്കേഷൻ അവർ നിങ്ങൾക്ക് പങ്കുവെക്കും” എന്നും “നിങ്ങൾ ഇപ്പോൾ ആ പശുകുടുംബത്തിലെ ഒരംഗമായി മാറി” എന്നുമെല്ലാം രസകരമായ കമന്റുകൾ വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്.