26/09/2026
[fontresizer_tawhidurrahmandear_widget]

‘ചുളു വിലയ്ക്ക് വാങ്ങിക്കൂട്ടിയത് ഏക്കറുകൾ, ഇന്ന് ആയിരം കോടിയുടെ ആസ്തി’; അംബിക-രാധ വഞ്ചനാ വിവാദത്തിൽ വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്

 ‘ചുളു വിലയ്ക്ക് വാങ്ങിക്കൂട്ടിയത് ഏക്കറുകൾ, ഇന്ന് ആയിരം കോടിയുടെ ആസ്തി’; അംബിക-രാധ വഞ്ചനാ വിവാദത്തിൽ വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്

തിരുവനന്തപുരം: സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് നടിമാരായ അംബികയും രാധയും തമ്മിലുള്ള കോടികളുടെ സ്വത്തുതർക്കവും സാമ്പത്തിക ആരോപണങ്ങളും വലിയ ചർച്ചയാകുന്നു. അമ്മ കല്ലറ സരസമ്മയുടെ കഠിനാധ്വാനത്തിലൂടെയും ദീർഘവീക്ഷണത്തിലൂടെയും കെട്ടിപ്പടുത്ത ശതകോടികളുടെ ആസ്തിയെച്ചൊല്ലി സഹോദരിമാർ നടത്തുന്ന പരസ്യ വിഴുപ്പലക്കലുകൾ ദൗർഭാഗ്യകരമാണെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകനും നടനുമായ ആലപ്പി അഷ്റഫ്.

1977-ൽ ‘ദ്വീപ്’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ മെറിലാൻഡ് സ്റ്റുഡിയോയുടെ ഗേറ്റിൽ സെക്യൂരിറ്റി തടഞ്ഞുനിർത്തിയ കല്ലറ സരസമ്മയെയും അംബികയെയും താനാണ് സംവിധായകൻ രാമു കാര്യാട്ടിന് പരിചയപ്പെടുത്തിയതെന്ന് ആലപ്പി അഷ്റഫ് ഓർമ്മിക്കുന്നു. അന്ന് ബാലജനസഖ്യം മത്സരത്തിൽ സമ്മാനം ലഭിച്ച വാ വാർത്തയുമായി വന്ന അംബികയ്ക്ക് ആ ചിത്രത്തിൽ ചെറിയൊരു വേഷം ലഭിച്ചു. പിന്നീട് എം.ടി. വാസുദേവൻ നായരുടെ ‘നീലത്താമര’യിലെ കുഞ്ഞിമാളു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ അംബിക, മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലും സൂപ്പർ നായകന്മാരുടെ നായികയായി മാറി. ചേച്ചിയിലൂടെ ലഭിച്ച തണലിലാണ് രാധ സിനിമയിലേക്ക് എത്തുന്നതെന്നും, അംബിക ഇല്ലായിരുന്നുവെങ്കിൽ രാധ എന്ന നടി ഉണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മക്കൾ അഭിനയിച്ചുണ്ടാക്കിയ പ്രതിഫലം ഒരു പൈസ പോലും ധൂർത്തടിക്കാതെ തമിഴ്നാട്ടിലും കേരളത്തിലുമായി ഭൂമി വാങ്ങിക്കൂട്ടിയ അമ്മ സരസമ്മയുടെ ദീർഘവീക്ഷണമാണ് ഇന്നത്തെ ആയിരക്കണക്കിന് കോടികളുടെ ആസ്തിക്ക് കാരണം. എ.ആർ.എസ്. ഗാർഡൻ സ്റ്റുഡിയോയ്ക്കായി മദ്രാസിലെ പോരൂരിൽ വാങ്ങിയ 40 ഏക്കർ ഭൂമിയും, രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുമ്പത്തൂരിലെ ഏക്കർ കണക്കിന് സ്ഥലവും ഇതിൽ ഉൾപ്പെടുന്നു. അമ്മ ജീവിച്ചിരുന്നപ്പോൾ മാതൃകാപരമായ സ്നേഹം കാത്തുസൂക്ഷിച്ച ഇരുവരും ഇന്ന് 46 കോടി രൂപയുടെ തട്ടിപ്പ് ആരോപിച്ചുകൊണ്ട് പൊലീസും കോടതിയുമായി മുന്നോട്ടുപോകുന്നത് സരസമ്മയുടെ ത്യാഗപൂർണ്ണമായ ഓർമ്മകളെ അപമാനിക്കുന്നതിന് തുല്യമാണ്.

രാധയുടെ അക്കൗണ്ടിൽ നിന്ന് 46 പൈസ പോലും പോയിട്ടില്ലെന്ന് ഭർത്താവ് രാജശേഖരൻ സാക്ഷ്യപ്പെടുത്തിയ കാര്യവും അംബിക ഇത് പൊളിച്ചടുക്കിയതും അദ്ദേഹം ഓർമ്മിപ്പിച്ചു. കുടുംബത്തിൽ ഒതുങ്ങേണ്ട തർക്കങ്ങൾ പൊതുമധ്യത്തിൽ വിഴുപ്പലക്കുന്നതിന് മുൻപ് തങ്ങളെ ഉണ്ടാക്കിയ അമ്മയുടെ മുഖം ഓർക്കണമായിരുന്നുവെന്നും, സഹോദരിമാർ തമ്മിലുള്ള സ്നേഹബന്ധം പഴയതുപോലെ പുനർജനിക്കട്ടെ എന്ന് ആശംസിക്കുന്നുവെന്നും ആലപ്പി അഷ്റഫ് കൂട്ടിച്ചേർത്തു.

Also read: