‘സർക്കാരിനെ സഹായിച്ചാൽ മുൻനിര പദവികൾ തേടിയെത്തും, കമ്മീഷന്റെ വിശ്വാസ്യത തകർന്നു’; ഒരാളെ മാറ്റിയതുകൊണ്ട് പരിഹാരമാകില്ലെന്ന് പ്രശാന്ത് കിഷോർ
പ്രശാന്ത് കിഷോർ
പട്‌ന: കഴിഞ്ഞ അഞ്ച് മുതൽ ഏഴ് വർഷമായി ഭരണകക്ഷിയോട് പക്ഷപാതപരമായി പെരുമാറുന്നതിലൂടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത പൂർണമായും തകർന്നുവെന്ന് ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടതുകൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്നും ഭരണഘടനാ സ്ഥാപനത്തിന്റെ വ്യവസ്ഥാപിത തകർച്ചയാണ് പരിഹരിക്കപ്പെടേണ്ടതെന്നും അദ്ദേഹം പട്‌നയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഗ്യാനേഷ് കുമാറിന് മുൻപ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന രാജീവ് കുമാറിന്റെ വിരമിക്കലിന് ശേഷമുള്ള നിയമനം ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് കിഷോർ ആഞ്ഞടിച്ചത്. ഗ്യാനേഷ് കുമാറിന് കീഴിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഇപ്പോൾ വലിയ ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന് മുൻപുണ്ടായിരുന്ന സി.ഇ.സി രാജീവ് കുമാർ, വിരമിച്ചയുടൻ പത്ത് ലക്ഷം കോടിയിലധികം വിപണി മൂല്യമുള്ള ഒരു പ്രമുഖ സ്വകാര്യ ബാങ്കിന്റെ ചെയർമാൻ പദവി ഏറ്റെടുത്ത കാര്യം നാം മറക്കരുത്. സർക്കാരിനെ സഹായിക്കുക, തുടർന്ന് ഏറ്റവും മികച്ച പദവികൾ നിങ്ങളെ തേടിയെത്തും എന്ന വ്യക്തമായ സന്ദേശമാണ് സി.ഇ.സിമാർക്ക് ഇതിലൂടെ ലഭിക്കുന്നതെന്ന് പ്രശാന്ത് കിഷോർ ആരോപിച്ചു.
വോട്ടർപട്ടിക തയ്യാറാക്കൽ, തെരഞ്ഞെടുപ്പ് തീയതികളും ഘട്ടങ്ങളും നിശ്ചയിക്കൽ, പെരുമാറ്റച്ചട്ടം നടപ്പിലാക്കൽ തുടങ്ങി എല്ലാ കാര്യങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണകക്ഷിയെയാണ് പരസ്യമായി തുണയ്ക്കുന്നത്. 2025-ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കെ ഒന്നരക്കോടി സ്ത്രീ വോട്ടർമാരെ സ്വാധീനിക്കാനായി ‘മുഖ്യമന്ത്രി മഹിളാ റോസ്ഗാർ യോജന’ വഴി 10,000 രൂപ വീതം വിതരണം ചെയ്യാൻ കമ്മീഷൻ സർക്കാരിന് അനുമതി നൽകിയത് വോട്ട് വാങ്ങാനുള്ള നീക്കമായിരുന്നുവെന്ന് അദ്ദേഹം ആവർത്തിച്ചു. പ്രതിപക്ഷം നേരത്തെ തന്നെ കമ്മീഷന്റെ വീഴ്ചകൾ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും, പുതിയ റിപ്പോർട്ടുകളിലൂടെ കമ്മീഷനകത്ത് തന്നെ ആഭ്യന്തര കലാപം നടക്കുന്നുണ്ടെന്ന സത്യം പുറത്തുവന്നിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.