’10 ലക്ഷം തന്നില്ലെങ്കിൽ DYFI-ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; കൈക്കൂലി ചോദിച്ച CPM കൗൺസിലർ ഒളിക്യാമറയിൽ കുടുങ്ങി
തിരുവനന്തപുരം: ഭൂമി തരംമാറ്റത്തിനും നിർമാണ അനുമതിക്കും കൈക്കൂലി ആവശ്യപ്പെടുകയും പണം നൽകിയില്ലെങ്കിൽ ഡിവൈഎഫ്ഐക്കാരെ കൊണ്ട് വസ്തുവിൽ കൊടികുത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സിപിഎം കൗൺസിലർ ഒളിക്യാമറയിൽ കുടുങ്ങി. തിരുവനന്തപുരം കോർപറേഷനിലെ തൃക്കണ്ണാപുരം വാർഡ് കൗൺസിലറായ അജിനാണ് ഭൂവുടമയിൽ നിന്ന് പണം തട്ടാൻ ശ്രമിക്കുന്നതിനിടെ ക്യാമറയിലായത്.
പേയാട് സ്വദേശിയായ സഞ്ജു എംഎൽഎ റോഡിനോട് ചേർന്ന് വാങ്ങിയ 19 സെന്റ് ഭൂമി പ്ലോട്ടുകളാക്കി തിരിച്ചു വിൽക്കുന്നതിനിടെയാണ് കൗൺസിലറുടെ ഇടപെടൽ. ആദ്യ രണ്ടു പ്ലോട്ടുകൾ വിറ്റതിന് പിന്നാലെ ഭൂമിയിൽ പുറമ്പോക്ക് ഉണ്ടെന്നും, വസ്തു തരം മാറ്റി നൽകാൻ സഹായിക്കാമെന്നും പറഞ്ഞ് അജിൻ 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുക നൽകിയില്ലെങ്കിൽ അടിയന്തരമായി 3 ലക്ഷം രൂപയെങ്കിലും വേണമെന്നും, തർക്കിക്കാൻ നിന്നാൽ ഡിവൈഎഫ്ഐക്കാരെ വിട്ട് കൊടികുത്തിച്ച് പണി തടയുമെന്നും കൗൺസിലർ ഭീഷണിപ്പെടുത്തി.
പോലീസിനെയും വില്ലേജ് ഓഫീസറെയും വിളിച്ച് വരുത്തി പണി തടയുമെന്നും, മറ്റു രാഷ്ട്രീയ പാർട്ടികൾ ഇടപെട്ടാൽ കാര്യങ്ങൾ കുഴപ്പത്തിലാകുമെന്നും ശബ്ദരേഖയിൽ അജിൻ മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ, ഉദ്യോഗസ്ഥരുടെ കൃത്യമായ പരിശോധനയ്ക്കും തടസ്സങ്ങളില്ലെന്ന് വ്യക്തമായതിനും ശേഷമാണ് ഭൂമിയുടെ പോക്കുവരവ് പൂർത്തിയായതെന്ന് ഭൂവുടമ സഞ്ജു പറഞ്ഞു.
കൈക്കൂലിയും ഭീഷണിയും സഹിക്കവയ്യാതെ ബിജെപി ഭരിക്കുന്ന കോർപ്പറേഷനെ സമീപിച്ചെങ്കിലും നടപടിയുണ്ടാകാത്തത് ഒത്തുകളിയാണെന്ന സംശയത്തിനും വഴിവെക്കുന്നുണ്ട്. സംഭവത്തിൽ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയതായി സഞ്ജു അറിയിച്ചു. കൈക്കൂലി ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളും ശബ്ദരേഖയും നിലവിൽ പുറത്തുവന്നിട്ടുണ്ട്.