‘30 കോടി അടിച്ചത് എനിക്ക്, പക്ഷേ ടിക്കറ്റ് കാണാനില്ല’; അവകാശവാദവുമായി തമിഴ്നാട്ടുകാരന്
പാലക്കാട്: 2026-ലെ തിരുവോണം ബംപറിന്റെ 30 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത് തനിക്കാണെന്ന അവകാശവാദവുമായി തമിഴ്നാട് സത്യമംഗലം സ്വദേശിയായ സാദിഖ് രംഗത്തെത്തി. ഒന്നാം സമ്മാനാർഹമായ TL 360615 എന്ന നമ്പറിലുള്ള ലോട്ടറി ടിക്കറ്റ് താനാണ് വാങ്ങിയതെന്നും എന്നാൽ യാത്രാമധ്യേ ഇത് നഷ്ടപ്പെട്ടുപോയെന്നുമാണ് ഇയാൾ പാലക്കാട് എസ്.പി ഓഫീസിലെത്തി വ്യക്തമാക്കിയത്.
യാത്രയ്ക്കിടെ പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് രണ്ട് ടിക്കറ്റുകൾ എടുത്തതെന്ന് സാദിഖ് പറയുന്നു. താൻ കൈപ്പറ്റിയ രണ്ടു ടിക്കറ്റുകളിൽ ഒന്നിന് ഒന്നാം സമ്മാനവും രണ്ടാമത്തേതിന് 2000 രൂപയും ലഭിച്ചതായി ഇയാൾ ഉന്നയിക്കുന്നു. ഇതിന് തെളിവായി ടിക്കറ്റിന്റെ ചിത്രം മൊബൈൽ ഫോണിൽ കാണിക്കുകയും ചെയ്തു. എന്നാൽ, ഒന്നാം സമ്മാനത്തിനർഹമായ യഥാർത്ഥ ടിക്കറ്റ് കണ്ണൂരിലെ ഒരു ബാങ്ക് ശാഖ വഴി ലോട്ടറി വകുപ്പിന് കൈമാറിയതായി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. വിജയിച്ച വ്യക്തി തന്റെ സ്വകാര്യ വിവരങ്ങൾ പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്.
സാദിഖിന്റെ അവകാശവാദത്തിന്മേൽ പാലക്കാട് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇയാൾ കാണിച്ച ചിത്രം വ്യാജമാണെന്ന സൂചനകളാണ് ലഭിക്കുന്നത്. സാദിഖിനെ മറ്റാരെങ്കിലും വഞ്ചിച്ചതാണോ അതോ ഇതിന് പിന്നിൽ തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. നറുക്കെടുപ്പ് നടന്ന കഴിഞ്ഞ മാസം 26-ന് രാത്രിയിലാണ് സാദിഖിന്റെ ഫോണിൽ ടിക്കറ്റിന്റെ ഫോട്ടോ എടുത്തിട്ടുള്ളത് എന്നതും പോലീസിൽ സംശയം വർധിപ്പിക്കുന്നു.
ഒന്നാം സമ്മാനം നേടിയ TL 360615 നമ്പർ ടിക്കറ്റ് വിറ്റത് കണ്ണൂർ തളിപ്പറമ്പിലെ ചില്ലറ വിൽപ്പനക്കാരനായ സുജിത്താണെന്ന് നേരത്തെ വാർത്ത വന്നിരുന്നു. രജിസ്ട്രാർ ഓഫീസിന് മുന്നിലെ ലോട്ടറി സ്റ്റാളിൽ നിന്നാണ് ഈ ടിക്കറ്റ് വിറ്റുപോയത്. എങ്കിലും ടിക്കറ്റ് വാങ്ങിയ ഭാഗ്യവാനെ കുറിച്ച് തനിക്ക് അറിവില്ലെന്ന് സുജിത്ത് അന്ന് മനോരമ ന്യൂസിനോട് പ്രതികരിച്ചിരുന്നു. സമ്മാനാർഹൻ കണ്ണൂരിലുണ്ടെന്നും തന്റെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതായും കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ടിക്കറ്റ് നഷ്ടപ്പെട്ടെന്ന അവകാശവാദവുമായി തമിഴ്നാട് സ്വദേശി രംഗത്തെത്തിയത്.