19/10/2026
[fontresizer_tawhidurrahmandear_widget]

‘മാസപ്പടി കേസിൽ സർക്കാരിൻ്റെ പിണറായി അനുകൂല നിലപാട് പുനഃപരിശോധിക്കണം, യുഡിഎഫ് നിലപാടിന് വിരുദ്ധം’;പരസ്യവിമര്‍ശനവുമായി കെകെ രമ

 ‘മാസപ്പടി കേസിൽ സർക്കാരിൻ്റെ പിണറായി അനുകൂല നിലപാട് പുനഃപരിശോധിക്കണം, യുഡിഎഫ് നിലപാടിന് വിരുദ്ധം’;പരസ്യവിമര്‍ശനവുമായി കെകെ രമ

തിരുവനന്തപുരം: എക്സാലോജിക് – സിഎംആർഎൽ മാസപ്പടി കേസിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന പിണറായി അനുകൂല നിലപാടിനെതിരെ രൂക്ഷവിമർശനവുമായി വടകര എംഎൽഎ കെ.കെ രമ. കേസിൽ പ്രതിയായ പിണറായി വിജയനെതിരെയുള്ള അന്വേഷണത്തെ ദുർബലപ്പെടുത്തുന്ന നിലപാടാണ് സർക്കാരിന്റെയും യുഡിഎഫ് നേതൃത്വത്തിന്റെയും ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് രമ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. മാത്യു കുഴൽനാടൻ, സി.ആർ മഹേഷ് എന്നിവർക്ക് പിന്നാലെയാണ് സർക്കാരിന്റെ ഈ നിലപാടിനെതിരെ കെ.കെ രമയും പരസ്യവിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ തെളിവുകൾ പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പര്യാപ്തമാണെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇതിനെതിരെ പിണറായി വിജയൻ ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീലിൽ സംസ്ഥാന സർക്കാർ അഭിഭാഷകൻ സ്വീകരിച്ച നിലപാട് നിരാശാജനകമാണെന്ന് രമ കുറ്റപ്പെടുത്തി. മുൻ സർക്കാരിന്റെ കാലത്തെ അഴിമതികൾക്കെതിരെ യുഡിഎഫ് സ്വീകരിച്ചിരുന്ന കർശന നിലപാടിന്റെ നിറം കെടുത്തുന്നതാണ് സർക്കാരിന്റെ ഇപ്പോഴത്തെ സമീപനമെന്നും അവർ ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ ഉയർന്നുവരുന്ന വിമർശനങ്ങളെ സർക്കാർ ഗൗരവത്തോടെ കാണണമെന്നും നിലപാട് പുനഃപരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഗുരുതരമായ അഴിമതി ആരോപണങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഒരാളെ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാൻ അനുവദിക്കുന്നത് ജനാധിപത്യത്തിന്റെ അന്തസ്സ് കെടുത്തുന്നതാണെന്നും, കോടികളുടെ മാസപ്പടിയും ഹവാല ഇടപാടുകളും സംബന്ധിച്ച ആരോപണങ്ങളിൽ കുരുങ്ങിക്കിടക്കുന്ന പിണറായി വിജയൻ ഈ പദവി ഒഴിയണമെന്നും രമ ആവശ്യപ്പെട്ടു. പിണറായി വിജയനെ മാറ്റാൻ പ്രതിപക്ഷ നേതൃത്വം തയ്യാറാകാത്തതിനെയും അവർ രൂക്ഷമായി വിമർശിച്ചു.

അഴിമതിക്കെതിരെ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന വാദം ഈ കേസിൽ അംഗീകരിക്കാനാവില്ലെന്നും അവർ വ്യക്തമാക്കി. സിഎംആർഎല്ലിൽ നിന്നും എക്സാലോജിക്കിലേക്ക് ഒരു സേവനവും നൽകാതെ പണം നൽകിയത് ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡാണ് ആദ്യം കണ്ടെത്തിയത്. അതിനാലാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷനും ഇ.ഡി അന്വേഷണവും ഉണ്ടായത്. ഈ വസ്തുതകളെ രാഷ്ട്രീയ വേട്ടയെന്ന പേരിൽ ന്യായീകരിക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.

സിപിഎം സംസ്ഥാനത്ത് നടപ്പിലാക്കുന്ന തെറ്റുതിരുത്തൽ പ്രക്രിയയെയും രമ പരിഹസിച്ചു. പാർട്ടിയെ കാർന്നുതിന്നുന്ന എല്ലാ തെറ്റുകളുടെയും പ്രതിരൂപമായ ഒരാൾ തന്നെ തെറ്റുതിരുത്തൽ പ്രക്രിയ ഉദ്ഘാടനം ചെയ്യുന്നത് വിരോധാഭാസമാണെന്നും രമ കുറ്റപ്പെടുത്തി. അധികാരവും സ്വാധീനവും ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേടുകൾ നടത്തിയവരുടെ വിഴുപ്പുഭാണ്ഡം ചുമക്കാൻ തയ്യാറല്ലെന്ന് പ്രഖ്യാപിക്കാൻ പ്രതിപക്ഷ പാർട്ടികൾക്ക് കഴിയണമെന്നും കുറിപ്പിലൂടെ രമ വ്യക്തമാക്കി.

Also read: