19/10/2026
[fontresizer_tawhidurrahmandear_widget]

‘അമേരിക്കയെ എന്നും വിശ്വസിക്കാനാവില്ല ഭാവിയിൽ അവർ ശത്രുപക്ഷത്തായേക്കാം, ഇന്ത്യ ഒരു ചെറിയ രാജ്യമേയല്ല’; പുതിയ സഖ്യങ്ങൾ രൂപീകരിക്കണമെന്ന് നെതന്യാഹു

 ‘അമേരിക്കയെ എന്നും വിശ്വസിക്കാനാവില്ല ഭാവിയിൽ അവർ ശത്രുപക്ഷത്തായേക്കാം, ഇന്ത്യ ഒരു ചെറിയ രാജ്യമേയല്ല’; പുതിയ സഖ്യങ്ങൾ രൂപീകരിക്കണമെന്ന് നെതന്യാഹു

തെൽ അവീവ്: ഒക്ടോബർ 27-ന് നടക്കാനിരിക്കുന്ന ഇസ്രയേൽ പൊതുതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നിർണായക രാഷ്ട്രീയ പ്രസ്‌താവനയുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്കയിൽ ഭാവിയിൽ അധികാരത്തിൽ വരുന്ന ഭരണകൂടം ഇസ്രയേലിനോട് ശത്രുതാപരമായ സമീപനം സ്വീകരിച്ചേക്കാമെന്നും, അതിനാൽ ഇന്ത്യയെപ്പോലുള്ള വൻശക്തികളുമായി കൂടുതൽ സഖ്യമുണ്ടാക്കണമെന്നുമാണ് നെതന്യാഹു വ്യക്തമാക്കിയത്.

ഒക്ടോബർ 18-ന് തന്റെ പുതിയ സുരക്ഷാനയം വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവിയിൽ നേരിട്ടേക്കാവുന്ന വെല്ലുവിളികൾ മുൻനിർത്തി രാജ്യത്തിന്റെ നില ഭദ്രമാക്കാൻ ഉതകുന്ന നയതന്ത്ര നിലപാടുകൾ സ്വീകരിക്കണമെന്നും അദ്ദേഹം രാജ്യത്തോട് ആവശ്യപ്പെട്ടു.

രണ്ടുവർഷത്തിനകം ഇസ്രയേലിനോട് തികഞ്ഞ ശത്രുത പുലർത്തുന്ന ഒരു പുരുഷനോ സ്ത്രീയോ യു.എസ്. പ്രസിഡൻ്റായി അധികാരത്തിൽ വന്നേക്കാമെന്ന് നെതന്യാഹു മുന്നറിയിപ്പ് നൽകി. അമേരിക്കൻ നയങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കാമെന്ന സാധ്യത മുന്നിൽക്കണ്ട്, നിലവിലെ പ്രസിഡന്റും ഇസ്രയേലിന്റെ ഏറ്റവും വിശ്വസ്‌ത പങ്കാളിയുമായ ഡൊണാൾഡ് ട്രംപിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പുള്ള സമയം പരമാവധി പ്രയോജനപ്പെടുത്തി ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കണം. അനുകൂലമോ പ്രതികൂലമോ ആയ സാഹചര്യങ്ങളിലായാലും ഈ കാലയളവിൽ കഴിയുന്നതെല്ലാം ചെയ്യേണ്ടതുണ്ട്.

ട്രംപ് നെതന്യാഹുവിന് വീണ്ടും വിജയാശംസകൾ നേർന്ന് മണിക്കൂറുകൾക്കകമാണ് ഭാവി യു.എസ്. നിലപാടുകളെക്കുറിച്ചുള്ള ഈ മുന്നറിയിപ്പ് പുറത്തുവന്നത്. മുൻപ് ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വത്തിലുള്ള ഒബാമ, ബൈഡൻ ഭരണകൂടങ്ങളുമായി പല കാര്യങ്ങളിലും നെതന്യാഹു ഇടഞ്ഞിരുന്നു. അതിനാൽ ഭാവിയിൽ ഇസ്രയേലിൻ്റെ ഗസ്സ നയങ്ങളോട് ശക്തമായ വിയോജിപ്പുള്ള ഒരു യു.എസ്. ഭരണകൂടം വന്നേക്കാമെന്നും, അതിനെ മറികടക്കാൻ ബദൽ നയതന്ത്ര ശക്തികളെ ഒപ്പം നിർത്തണമെന്നുമാണ് അദ്ദേഹം വാദിക്കുന്നത്.

ഇതിനെ നേരിടുന്നതിനായി നമ്മുടെ മേഖലയിലുള്ളതും പുറത്തുള്ളതുമായ രാജ്യങ്ങളുമായി പുതിയ സഖ്യങ്ങൾ രൂപീകരിക്കാനുള്ള പ്രവർത്തനങ്ങളിലാണ് താനിപ്പോൾ ഏർപ്പെട്ടിരിക്കുന്നതെന്ന് നെതന്യാഹു പറഞ്ഞു. “ഇന്ത്യ ഒരു ചെറിയ രാജ്യമേയല്ല, അതുപോലെ മറ്റ് പല രാജ്യങ്ങളുമുണ്ട്” എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുമായി തങ്ങൾക്ക് സവിശേഷ ബന്ധമുണ്ടെന്നും അവിടെയുള്ള ജനങ്ങൾക്ക് ഇസ്രയേലിനോട് ‘ഭ്രാന്തമായ സ്നേഹമാണെന്നും’ കഴിഞ്ഞ മേയ് മാസത്തിലും നെതന്യാഹു പറഞ്ഞിരുന്നു. ഇതിനുപുറമെ, ലാറ്റിൻ അമേരിക്കയിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ ഇസ്രയേലിന്റെ ബന്ധം വിപുലീകരിക്കാനുള്ള അവസരമായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. ലാറ്റിൻ അമേരിക്കയിൽ വലിയൊരു മാറ്റം നടന്നുകൊണ്ടിരിക്കുകയാണെന്നും, ബ്രസീലിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ വലിയ രാഷ്ട്രീയ മാറ്റം ഉണ്ടായേക്കാമെന്നും പറഞ്ഞ അദ്ദേഹം, എല്ലാവർക്കും പ്രയോജനകരമാകുന്ന തരത്തിൽ സഖ്യങ്ങളുടെ നിര വിപുലീകരിക്കുകയും ശേഷികൾ വികസിപ്പിക്കുകയും വേണമെന്ന് കൂട്ടിച്ചേർത്തു.

എന്നാൽ, തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ജനങ്ങളിൽ ഭയം സൃഷ്ടിക്കാനും ഗസ്സ യുദ്ധത്തിലെ തിരിച്ചടികളിൽനിന്ന് ശ്രദ്ധതിരിക്കാനുമാണ് നെതന്യാഹു ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കുന്നതെന്ന് അദ്ദേഹത്തിൻ്റെ പ്രധാന എതിരാളിയും മുൻ സൈനിക മേധാവിയുമായ ഗാദി ഐസൻകോട്ട് കുറ്റപ്പെടുത്തി. അമേരിക്കൻ പിന്തുണ ഉറപ്പില്ലെന്ന ആശങ്ക മുന്നോട്ടുവെച്ച് പുതിയ സുരക്ഷാ നയങ്ങൾ പറയുന്നതും ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ ഉയർത്തിക്കാട്ടുന്നതും നെതന്യാഹു കേവലം ആഭ്യന്തര രാഷ്ട്രീയ നേട്ടംകൂടി ലക്ഷ്യമിട്ടാണെന്നും ഐസൻകോട്ട് വിമർശിച്ചു.

Also read: