‘പഞ്ചാബികളെ അപമാനിക്കാൻ കിട്ടുന്ന ഒരു ചാൻസും മോദി വിടില്ല; ഇന്ത്യയിൽ ഏതെങ്കിലും മുഖ്യമന്ത്രിക്ക് ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ?’-ഭഗവന്ത് മാനിനെ വിമാനത്താവളത്തിൽ തടഞ്ഞുവെച്ച് പിഴ ഈടാക്കിയതിൽ പൊട്ടിത്തെറിച്ച് ആം ആദ്മി
ന്യൂഡൽഹി: പാരീസ് സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെ ഡൽഹി വിമാനത്താവളത്തിൽ മൂന്ന് മണിക്കൂറോളം തടഞ്ഞുവെച്ചെന്നും 50,000 രൂപ പിഴ ഈടാക്കിയെന്നും ആരോപിച്ച് ആം ആദ്മി പാർട്ടി. പഞ്ചാബിന്റെ വികസനം തടസ്സപ്പെടുത്താൻ കേന്ദ്ര സർക്കാർ ബോധപൂർവം ശ്രമിക്കുകയാണെന്ന് എ.എ.പി നേതാക്കൾ ആരോപിച്ചു. മുകളിൽ നിന്നുള്ള കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് ഈ നടപടിയെന്നാണ് ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം. എന്നാൽ, മുഖ്യമന്ത്രിയെ തടഞ്ഞുവെക്കാനും പിഴ ഈടാക്കാനുമുള്ള കൃത്യമായ കാരണം എന്താണെന്ന് പാർട്ടി നേതൃത്വം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ലോകത്തിലെ രണ്ടാമത്തെ വലിയ ഭക്ഷ്യമേളയിൽ പങ്കെടുക്കാനും പഞ്ചാബിന്റെ തനത് ഉൽപന്നങ്ങൾ അവതരിപ്പിക്കാനുമായി പഞ്ചാബ് ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ഭഗവന്ത് മാൻ പാരീസിലേക്ക് പോയതെന്ന് പഞ്ചാബ് എ.എ.പി മീഡിയ ഇൻ-ചാർജ് ബൽതേജ് പന്നു പറഞ്ഞു. മുഖ്യമന്ത്രിക്ക് അർഹമായ പ്രോട്ടോക്കോൾ നൽകണമെന്ന് ഹൈക്കോടതിയുടെ വ്യക്തമായ നിർദ്ദേശമുണ്ടായിട്ടും പാരീസിലെ ഇന്ത്യൻ കോൺസൽ ജനറൽ അദ്ദേഹത്തെ സന്ദർശിക്കാൻ പോലും തയ്യാറായില്ലെന്ന് പന്നു കുറ്റപ്പെടുത്തി. ഈ നടപടിയിലൂടെ കേന്ദ്ര സർക്കാർ തങ്ങളുടെ സങ്കുചിത മനോഭാവം വീണ്ടും പ്രകടമാക്കിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പാരീസിൽ നിന്ന് ഡൽഹി വിമാനത്താവളത്തിൽ മടങ്ങിയെത്തിയ ഭഗവന്ത് മാനിന് വലിയ അപമാനമാണ് നേരിടേണ്ടി വന്നത്. ലഗേജ് പരിശോധിക്കുകയാണെന്ന് പറഞ്ഞ് അദ്ദേഹത്തെ മൂന്ന് മണിക്കൂറോളമാണ് ബോധപൂർവം തടഞ്ഞുവെച്ചത്. മൂന്ന് മണിക്കൂറിന് ശേഷം പുറത്തിറങ്ങി ലഗേജ് വാഹനത്തിൽ കയറ്റാൻ തുടങ്ങുമ്പോഴാണ് ‘മുകളിൽ നിന്നുള്ള സമ്മർദ്ദമുണ്ടെന്ന്’ പറഞ്ഞ് ഉദ്യോഗസ്ഥർ ഓടിയെത്തുകയും 50,000 രൂപ പിഴ ഈടാക്കുകയും ചെയ്തത്. ഇത് പഞ്ചാബിനെയാകെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ബൽതേജ് പന്നു പറഞ്ഞു.
ഇന്ത്യൻ ചരിത്രത്തിൽ ഏതെങ്കിലും മുഖ്യമന്ത്രിയെ ഇത്തരത്തിൽ വിമാനത്താവളത്തിൽ മൂന്ന് മണിക്കൂർ തടഞ്ഞുവെക്കുകയോ പിഴ ഈടാക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ഭഗവന്ത് മാൻ ഒരു പഞ്ചാബിയായതുകൊണ്ടും, സംസ്ഥാനത്തിനായി രാപ്പകലില്ലാതെ പ്രവർത്തിക്കുന്നതുകൊണ്ടുമാണ് കേന്ദ്ര സർക്കാർ ഇത്തരം നടപടികളിലേക്ക് കടക്കുന്നതെന്ന് എ.എ.പി നേതാവ് ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സർക്കാരും പഞ്ചാബിന്റെ അസ്തിത്വം ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കർഷകരെ അതിർത്തികളിൽ തടഞ്ഞുവെച്ചതും സംസ്ഥാനത്തിന് അർഹമായ ഫണ്ട് നൽകാതിരിക്കുന്നതും ചൂണ്ടിക്കാട്ടിയ പന്നു, കേന്ദ്ര സർക്കാർ പഞ്ചാബിനെ എല്ലാ തലത്തിലും ശ്വാസംമുട്ടിക്കുകയാണെന്നും കൂട്ടിച്ചേർത്തു.