22/10/2026
[fontresizer_tawhidurrahmandear_widget]

യുപിയിൽ വോട്ടർപട്ടികയിൽ വൻ ക്രമക്കേട്; ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിക്ക് ഉത്തരവിട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

 യുപിയിൽ വോട്ടർപട്ടികയിൽ വൻ ക്രമക്കേട്; ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിക്ക് ഉത്തരവിട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

ലഖ്‌നൗ: ഉത്തർപ്രദേശിലെ എസ്.എസ്.ആറുമായി ബന്ധപ്പെട്ട് വൻ ക്രമക്കേടുകൾ ഉയർന്നുവന്നതിന് പിന്നാലെ, ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമെതിരെ നിയമനടപടി സ്വീകരിക്കാൻ ഉത്തരവിട്ട് സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ (സി.ഇ.ഒ) നവദീപ് റിൻവ. പിലിഭിത് സദർ അസംബ്ലി മണ്ഡലത്തിൽ മാത്രം 16,000-ത്തിലധികം വോട്ടർമാരുടെ വിവരങ്ങളിൽ ക്രമക്കേട് നടന്നതായി കോൺഗ്രസ് ആരോപിച്ചതിന് പിന്നാലെയാണ് നടപടി.

ചില വോട്ടർമാരുടെ തിരിച്ചറിയൽ കാർഡ് നമ്പറുകൾ ഓൺലൈനിൽ പരിശോധിക്കുമ്പോൾ മറ്റ് ആളുകളുടെ വിവരങ്ങളാണ് കാണിക്കുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പിലിഭിത് ജില്ലാ ഇലക്ഷൻ ഓഫീസറോട് സംഭവം അന്വേഷിക്കാൻ നിർദ്ദേശിച്ച സി.ഇ.ഒ, രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാനത്തെ എല്ലാ ജില്ലാ ഇലക്ഷൻ ഓഫീസർമാർക്കും ഉത്തരവ് നൽകിയിട്ടുണ്ട്. വോട്ടർ രജിസ്ട്രേഷൻ കേന്ദ്രത്തിലെ കമ്പ്യൂട്ടർ ഓപ്പറേറ്ററെ പിരിച്ചുവിടുകയും ചെയ്തു.

എ.ഐ.സി.സി ജനറൽ സെക്രട്ടറി രാജേന്ദ്ര പാൽ ഗൗതമിന്റെ നേതൃത്വത്തിലാണ് ക്രമക്കേടുകൾ പുറത്തുവിട്ടത്. ഏപ്രിലിൽ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം, ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 13,150 വോട്ടർമാരുടെ പേരുകൾ മാറ്റിയതായി അദ്ദേഹം പറഞ്ഞു. സ്ഥലത്ത് സ്ഥിരമായി താമസിക്കുന്ന 804 വോട്ടർമാരെ ‘കാണാതായവർ’ എന്ന ഗണത്തിൽപ്പെടുത്തി പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും പ്രദേശത്ത് താമസിക്കാത്ത 2,600-ഓളം പുതിയ ആളുകളെ വ്യാജമായി പട്ടികയിൽ ഉൾപ്പെടുത്തിയതായും കോൺഗ്രസ് ആരോപിച്ചു.

ബി.ജെ.പി മന്ത്രി സഞ്ജയ് ഗാംഗ്‌വാർ 6,930 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ പിലിഭിത് സദറിൽ ജയിച്ചത്. 3.48 ലക്ഷം വോട്ടർമാരുള്ള ഇവിടെ 16,000-ത്തിലധികം വോട്ടുകളിൽ കൃത്രിമം നടന്നത് തെരഞ്ഞെടുപ്പ് ഫലത്തെത്തന്നെ സ്വാധീനിക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനാഥ വ്യക്തമാക്കി. മറ്റ് മണ്ഡലങ്ങളിലെയും ക്രമക്കേടുകൾ പരിശോധിച്ചു വരികയാണെന്നും, വിഷയത്തിൽ നിയമപരമായ പോരാട്ടത്തിന് ഒരുങ്ങുകയാണെന്നും കോൺഗ്രസ് അറിയിച്ചു.

Also read: