ആപ്പിളും സാംസങ്ങും ഇനി വിയർക്കും! വിപണി പിടിക്കാൻ ഇന്ത്യയുടെ സ്വന്തം ഫോൺ വരുന്നു; പ്രഖ്യാപനവുമായി കേന്ദ്ര ഐടി മന്ത്രി
ന്യൂഡൽഹി: ഐഫോണിനും സാംസങ്ങിനും പകരം ഇന്ത്യയിൽ രൂപകല്പന ചെയ്ത് നിർമ്മിക്കുന്ന തദ്ദേശീയ മൊബൈൽ ഫോൺ ബ്രാൻഡ് 2028 ഒക്ടോബറോടെ വിപണിയിലെത്തുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. എൻഡിടിവി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയ്ക്ക് സ്വന്തമായി ആപ്പിളോ സാംസങ്ങോ പോലൊരു ബ്രാൻഡ് ഇല്ലാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടി നൽകവെയാണ് മന്ത്രി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
“ഇന്ന് 2026 ഒക്ടോബർ 23 ആണ്, നിങ്ങൾ ഇത് കുറിച്ചുവെക്കുക; 2028 ഒക്ടോബർ 23 ആകുമ്പോൾ ഇന്ത്യയിൽ ഡിസൈൻ ചെയ്ത് നിർമ്മിച്ച ഒരു ഇന്ത്യൻ മൊബൈൽ ഫോൺ ബ്രാൻഡ് നിങ്ങൾക്ക് മുന്നിലുണ്ടാകും,” അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഈ ബ്രാൻഡിന്റെ പേരെന്താണെന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാനായിരുന്നു മന്ത്രിയുടെ മറുപടി.
റേഡിയോ ഫ്രീക്വൻസി കമ്മ്യൂണിക്കേഷൻ, ആന്റിന, കമ്പ്യൂട്ട്, മെമ്മറി, ക്യാമറ മൊഡ്യൂൾ, ഡിസ്പ്ലേ, പവർ മാനേജ്മെന്റ് തുടങ്ങിയ ഘടകങ്ങളെല്ലാം കൃത്യമായ ഭാരനിയന്ത്രണത്തോടെ ചെറിയൊരു ഉപകരണത്തിൽ ഉൾക്കൊള്ളിക്കേണ്ടതിനാൽ മൊബൈൽ ഫോൺ ഡിസൈനിങ് അങ്ങേയറ്റം സങ്കീർണ്ണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എങ്കിലും മൂന്ന് വർഷം മുമ്പ് മൊബൈൽ ഫോണിന്റെ മദർബോർഡായ പി.സി.ബി ഡിസൈൻ ചെയ്യാൻ ഇന്ത്യൻ കമ്പനികൾക്ക് സർക്കാർ വെല്ലുവിളി നൽകിയിരുന്നു. മുന്നോട്ടുവന്ന രണ്ട് കമ്പനികളിൽ ഒന്ന് അത് വിജയകരമായി പൂർത്തിയാക്കി. ഈ ഇന്ത്യൻ കമ്പനിയുടെ ഡിസൈൻ അമേരിക്കയിലെ ഏറ്റവും വലിയ ടെലികോം കമ്പനി തെരഞ്ഞെടുക്കുകയും, അവർക്കായി വികസിപ്പിച്ചെടുത്ത 5ജി പ്ലസ് മൊബൈൽ ഫോൺ നിർമ്മിച്ച് നിലവിൽ യു.എസിലെ ഉപഭോക്താക്കൾക്ക് നൽകുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ നേടിയെടുത്ത ഈ സാങ്കേതിക മികവ് ഉപയോഗപ്പെടുത്തി, ബൗദ്ധിക സ്വത്തവകാശം രാജ്യത്ത് തന്നെ നിലനിർത്തിക്കൊണ്ട് സ്വന്തം മൊബൈൽ ബ്രാൻഡ് പുറത്തിറക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
മുൻകാല കോൺഗ്രസ് സർക്കാരുകളുടെ നയങ്ങളും നിയന്ത്രണങ്ങളും രാജ്യത്തെ നിർമ്മാണ മേഖലയെ തളർത്തിയിരുന്നതായും, 2014-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊണ്ടുവന്ന ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയാണ് ഈ മേഖലയ്ക്ക് പുനർജീവൻ നൽകിയതെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. മൊബൈൽ ഫോണുകൾ, ഡ്രോണുകൾ, മിസൈലുകൾ, ട്രെയിനുകൾ എന്നിങ്ങനെ അത്യാധുനിക ഉപകരണങ്ങളെല്ലാം ഇന്ന് ഇന്ത്യയിൽ നിർമ്മിക്കുന്നുണ്ട്. പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് ചിന്തിക്കാൻ പോലും കഴിയാതിരുന്ന നേട്ടങ്ങളാണ് രാജ്യം ഇപ്പോൾ സ്വന്തമാക്കുന്നത്. നിലവിൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ മൂന്നാം സ്ഥാനത്ത് ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളാണെന്നും അധികം വൈകാതെ തന്നെ ഇത് രണ്ടാം സ്ഥാനത്തേക്ക് കുതിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.