‘ഗോവ ട്രിപ് ഒഴിവാക്കി, ആ രണ്ട് ലക്ഷം കുഞ്ഞോമനകൾക്ക് നൽകും’; എസ്.എം.എ ബാധിതരായ കുരുന്നുകൾക്ക് തണലായി വ്യാപാരികൾ
കോഴിക്കോട്: ഗോവയിലേക്കുള്ള വിനോദയാത്ര ഉപേക്ഷിച്ച് ആ തുക ഓമശ്ശേരി കല്ലുരുട്ടിയിലെ എസ്.എം.എ. ബാധിച്ച കുഞ്ഞോമനകളുടെ ചികിത്സയ്ക്കായി കൈമാറി വ്യാപാരികൾ. വ്യാപാരി വ്യവസായി ഏകോപനസമിതി ആനക്കാംപൊയിൽ യൂണിറ്റ് ജനുവരി ഒൻപതാം തീയതി ഗോവയിലേക്ക് നടത്താനിരുന്ന വിനോദയാത്രയാണ് വേണ്ടെന്നുവെച്ചത്. യാത്രയ്ക്കായി കരുതിയിരുന്ന രണ്ടുലക്ഷം രൂപ അരുൺ-ഷാൽമി ദമ്പതിമാരുടെ, ഒന്നിച്ചുപിറന്ന മക്കളായ ഡേവിഡ് മാഗ്നസ്, ഈഥൻ മോസസ്, ഒലിവർ ജോനാ എന്നിവരുടെ ചികിത്സാഫണ്ടിലേക്ക് നല്കും.
തുടർസഹായം നൽകാനും വ്യാപാരികൾ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങുമെന്ന് യൂണിറ്റ് പ്രസിഡന്റ് ജോൺസൺ വയലിൽ പറഞ്ഞു. മൂന്നു കുഞ്ഞുങ്ങൾക്കും രണ്ടുവയസ്സ് പൂർത്തിയാവുന്നതിനുമുൻപേ ജീൻതെറപ്പി ചെയ്യണം. അൻപതുകോടിയോളം രൂപ ചെലവുവരുന്ന ചികിത്സയ്ക്കായി ഞായറാഴ്ചവരെ 6.69 കോടിരൂപ അക്കൗണ്ടിലെത്തിയിട്ടുണ്ട്. ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് ബാക്കി തുക കൂടി കണ്ടെത്തേണ്ടതുണ്ട്.
അക്കൗണ്ട് വിവരങ്ങൾ:
പേര്: അരുൺ പി.ഡി.
അക്കൗണ്ട് നമ്പർ: 21360100162505
ബാങ്ക്: ഫെഡറൽ ബാങ്ക്, മുക്കം ശാഖ
ഐ.എഫ്.എസ്.സി: FDRL0002136
യു.പി.ഐ. ഐഡി : arunpd@fbl