’75 വയസ്സ് കഴിഞ്ഞു, ഇനി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങരുത്, വീട്ടിലിരുന്ന് സമാധാനമായി വിശ്രമിക്കൂ’; മമതയോട് സുവേന്ദു അധികാരി
ന്യൂഡൽഹി: നന്ദിഗ്രാം ഒഴിഞ്ഞ് ഭവാനിപ്പൂർ സീറ്റ് നിലനിർത്താനുള്ള രാഷ്ട്രീയ തീരുമാനത്തിന് പിന്നിലെ കാരണം വ്യക്തമാക്കി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി രംഗത്ത്. ഭവാനിപ്പൂർ സീറ്റ് ഒഴിഞ്ഞുകൊടുത്തിരുന്നെങ്കിൽ തന്റെ രാഷ്ട്രീയ എതിരാളിയായ മമത ബാനർജിക്ക് ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് നിയമസഭയിലേക്ക് തിരിച്ചെത്താൻ വീണ്ടും അവസരം ലഭിക്കുമായിരുന്നുവെന്നും, അത് നൽകാൻ താൻ ആഗ്രഹിച്ചില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
കഴിഞ്ഞ ഏപ്രിലിൽ നടന്ന പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭവാനിപ്പൂരിലും നന്ദിഗ്രാമിലും സുവേന്ദു അധികാരി വിജയം നേടിയിരുന്നു. ഭവാനിപ്പൂരിൽ മമത ബാനർജിയെ പരാജയപ്പെടുത്താനും അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇതിനുമുമ്പ് 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും നന്ദിഗ്രാമിൽ വെച്ച് മമതയെ സുവേന്ദു അധികാരി പരാജയപ്പെടുത്തിയിരുന്നു. അന്ന് തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് പിന്നീട് ഭവാനിപ്പൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചാണ് മമത ബാനർജി നിയമസഭയിൽ എത്തിയിരുന്നത്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് സുവേന്ദു ഇത്തവണ കർശന നിലപാട് സ്വീകരിച്ചത്.
മമത ബാനർജിയുടെ പ്രായം കൂടി ചൂണ്ടിക്കാട്ടി അവർ ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പൂർണ്ണമായും വിരമിക്കണമെന്നും സുവേന്ദു അധികാരി തുറന്നടിച്ചു.
“ഞാൻ രണ്ടുതവണ പരാജയപ്പെടുത്തിയ വ്യക്തിക്ക് ഭവാനിപ്പൂർ സീറ്റ് ഒഴിഞ്ഞുകൊടുത്തിരുന്നെങ്കിൽ അവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മറ്റൊരു അവസരം കൂടി ലഭിക്കുമായിരുന്നു. എന്നാൽ അവർക്ക് ഇനി ആ അവസരം നൽകാൻ ഞാൻ തയ്യാറായിരുന്നില്ല. ഭവാനിപ്പൂരിൽ ഞാൻ അവരെ പരാജയപ്പെടുത്തിയതാണ്. അതിനാൽ ഇനി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങരുതെന്ന് ഞാൻ അവരോട് അഭ്യർഥിക്കുകയാണ്. നിങ്ങൾക്ക് ഇതിനോടകം 75 വയസ്സ് കഴിഞ്ഞിരിക്കുന്നു. ഇനി രാഷ്ട്രീയ മത്സരങ്ങൾക്ക് നിൽക്കാതെ വീട്ടിൽ സമാധാനമായി വിശ്രമിക്കുകയാണ് വേണ്ടത്,”-സുവേന്ദു അധികാരി പരിഹസിച്ചു.
നന്ദിഗ്രാം, റെജിനഗർ എന്നീ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ വിജയിച്ച് പുതിയതായി അധികാരമേറ്റ ബി.ജെ.പി. എം.എൽ.എ.മാരായ ഹസിറാണി റാത്തും ശഖരവ് സർക്കാരും സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. താൻ നന്ദിഗ്രാം മണ്ഡലം ഉപേക്ഷിച്ചതിൽ അവിടത്തെ ജനങ്ങൾക്ക് ചില അതൃപ്തികൾ ഉണ്ടായിരുന്നുവെന്നും എന്നാൽ തന്റെ രാഷ്ട്രീയ നീക്കത്തിന് പിന്നിലെ കാരണം ജനങ്ങൾക്ക് നേരിട്ട് ബോധ്യപ്പെടുത്തിക്കൊടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ എം.എൽ.എ.യായ ഹസിറാണി റാത്തുവിലൂടെ നന്ദിഗ്രാമിലെ ജനങ്ങൾക്ക് നൽകിയ മുഴുവൻ വാഗ്ദാനങ്ങളും പടിപടിയായി നിറവേറ്റുമെന്നും അദ്ദേഹം ജനങ്ങൾക്ക് ഉറപ്പുനൽകി. 1.22 ലക്ഷം വോട്ടിന്റെ ചരിത്രപരമായ ഭൂരിപക്ഷത്തിലാണ് ഹസിറാണി നന്ദിഗ്രാമിൽ വിജയിച്ചു കയറിയത്.