‘എസ്.ഐ.ആർ രക്തച്ചൊരിച്ചിലില്ലാത്ത രാഷ്ട്രീയ വംശഹത്യ; ജുഡീഷ്യറിയിലും വിശ്വാസമില്ല’: പരകാല പ്രഭാകർ
ന്യൂഡൽഹി: വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന എസ്.ഐ.ആർ പ്രക്രിയയ്ക്ക് നിയമപരമോ ഭരണഘടനാപരമോ ആയ യാതൊരു അടിസ്ഥാനവുമില്ലെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്ര മന്ത്രി നിർമലാ സീതാരാമന്റെ പങ്കാളിയുമായ പരകാല പ്രഭാകർ. ഭരണഘടനയിലോ വോട്ടർ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിലവിലുള്ള മറ്റ് ചട്ടങ്ങളിലോ ഇത് സംബന്ധിച്ച യാതൊരു പരാമർശവുമില്ലെന്നും പ്രഭാകർ പറഞ്ഞു. സിയാസത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങൾ.
വോട്ടർപട്ടികയിൽ നിന്നുള്ള പേര് വെട്ടിമാറ്റലുകൾ ചില വിഭാഗങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്ന് അദ്ദേഹം ആരോപിച്ചു. വലിയൊരു വിഭാഗം ജനങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള ഈ നടപടിയെ ‘രക്തച്ചൊരിച്ചിലില്ലാത്ത രാഷ്ട്രീയ വംശഹത്യ’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
തനിക്കിപ്പോൾ ജുഡീഷ്യറിയിലും വിശ്വാസമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷനൊപ്പമാണ് സുപ്രീം കോടതിയടക്കം നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇനിയുള്ള ഏക മാർഗ്ഗം സമാധാനപരമായ ഗാന്ധിയൻ പ്രക്ഷോഭം നടത്തുക എന്നതാണെന്നും രാജ്യത്തെ സംരക്ഷിക്കാൻ ഇനി അതിന് മാത്രമേ കഴിയൂവെന്നും പ്രഭാകർ പറഞ്ഞു.
രാജ്യത്തെ ഭരണകൂടം ഇപ്പോൾ ബലാത്സംഗികൾക്കുള്ളതാണെന്നും തീവെയ്പ്പിലും ബലാത്സംഗത്തിലും പങ്കെടുത്ത ആളുകളെയാണ് അവർ ആദരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങൾ എളുപ്പമായിരിക്കില്ലെന്നും ആളുകൾ എല്ലാത്തിനും തയ്യാറായിരിക്കണമെന്നും പ്രഭാകർ ഓർമ്മിപ്പിച്ചു.