‘സോഫ്റ്റ്വെയർ പഴയതായതിനാൽ രക്ഷപ്പെട്ടു’; ധ്രുവ് റാഠിയുടെ ഫോൺ ചോർത്താൻ ഡൽഹി പോലീസ് ശ്രമിച്ചു’; ഫോൺ ചോർത്താൻ കോടികൾ മുടക്കി ഇസ്രയേൽ ഹാക്കിംഗ് ടൂളിന് അനുമതി നൽകിയത് അമിത് ഷാ
ന്യൂഡൽഹി: പ്രമുഖ യൂട്യൂബർ ധ്രുവ് റാഠിയുടെ ഫോണിലെ വിവരങ്ങൾ ചോർത്താൻ ഡൽഹി പോലീസ് ശ്രമിച്ചെന്ന നിർണായക വെളിപ്പെടുത്തലുമായി ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ. ഡൽഹി പോലീസിന്റെ പക്കലുണ്ടായിരുന്ന സോഫ്റ്റ്വെയർ വളരെ പഴയതായതുകൊണ്ട് മാത്രമാണ് റാഠിയുടെ ഐഫോണിലെ വിവരങ്ങൾ ചോർത്താനുള്ള ശ്രമം പരാജയപ്പെട്ടതെന്ന് എക്സിലെ പോസ്റ്റിൽ അവർ വ്യക്തമാക്കുന്നു.
ഈ വെളിപ്പെടുത്തലിന് പിന്നാലെയാണ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) ഫോൺ വിവരങ്ങൾ ചോർത്താൻ കഴിയുന്ന അത്യാധുനിക ഇസ്രയേൽ ടൂൾ വാങ്ങാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനുമതി നൽകിയെന്ന റിപ്പോർട്ടുകളും വലിയ ചർച്ചയാകുന്നത്. ‘മേക്ക് ഇൻ ഇന്ത്യ’ ചട്ടങ്ങൾ പൂർണ്ണമായും മറികടന്ന് ഏകദേശം അഞ്ച് കോടി രൂപയോളം ചിലവാക്കി സെലിബ്രൈറ്റ് എന്ന കമ്പനിയുടെ അത്യാധുനിക ഫോൺ അൺലോക്കിംഗ് ടൂളായ ‘സെലിബ്രൈറ്റ് പ്രീമിയം’ വാങ്ങാനാണ് കഴിഞ്ഞ ജനുവരിയിൽ ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയത്. മൂന്ന് വർഷത്തെ ലൈസൻസോടെയാണ് എൻഐഎ ഈ സംവിധാനം സ്വന്തമാക്കുന്നത്.
ഒരൊറ്റ തവണയെങ്കിലും അൺലോക്ക് ചെയ്യപ്പെട്ട, സ്വിച്ച് ഓൺ ആയ അവസ്ഥയിലുള്ള ഏത് ഫോണിൽ നിന്നും പാസ്വേഡുകൾ ഭേദിച്ച് സർവ്വ വിവരങ്ങളും ചോർത്താൻ സെലിബ്രൈറ്റ് പ്രീമിയം എന്ന ഈ ടൂളിന് കഴിയും. ഐഫോണുകളിൽ എ8 മുതൽ എ13 വരെയുള്ള ചിപ്പുകളിൽ ബ്രൂട്ട് ഫോഴ്സ് വഴിയും, ഐഫോൺ 11 മുതൽ ഐഫോൺ 14 വരെയുള്ള മോഡലുകളിൽ നിന്നും മറ്റ് പ്രത്യേക ആൻഡ്രോയിഡ് ഫോണുകളിൽ നിന്നും മുഴുവൻ ഫയൽ സിസ്റ്റവും ഇതിലൂടെ ചോർത്താൻ സാധിക്കും. ഉപഭോക്താക്കൾ തങ്ങളുടെ സ്വകാര്യ വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്ന സാംസങ്ങിന്റെ സെക്യുവർ ഫോൾഡർ, ഹുവാവെയുടെ പ്രൈവറ്റ് സ്പേസ്, ഷവോമിയുടെ സെക്കൻഡ് സ്പേസ് തുടങ്ങിയ സുരക്ഷിത ഇടങ്ങളിലെ വിവരങ്ങൾ പോലും കണ്ടെത്താനും ഈ ടൂളിന് കഴിയും.
ഫോണിലെ ഓരോ ആപ്ലിക്കേഷനുകൾ, ചാറ്റുകൾ, ഫോട്ടോകൾ, കോൺടാക്റ്റുകൾ, കോൾ ലോഗുകൾ, ലൊക്കേഷൻ ഹിസ്റ്ററി തുടങ്ങി സകല വിവരങ്ങളും പകർത്തിയെടുക്കാനും, ഫോൺ ഉടമയ്ക്ക് തിരികെ നൽകിയാൽ പോലും ഈ വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് തങ്ങളുടെ സിസ്റ്റത്തിൽ സൂക്ഷിച്ചുവെക്കാനും സാധിക്കും. സമരപ്പന്തലിൽ നിന്നോ വീടുകളിൽ നിന്നോ പിടിച്ചെടുക്കുന്ന ഫോണുകളിലെ വിവരങ്ങൾ ചോർത്താനാണ് ഈ ടൂൾ പ്രധാനമായും ഉപയോഗിക്കുന്നത്.
ഈ വർഷം മാത്രം ഇന്ത്യയിലെ വിവിധ ഏജൻസികൾ സെലിബ്രൈറ്റിന്റെ ഉൽപ്പന്നങ്ങൾക്കായി 11 ടെൻഡറുകളിലായി 15 ലിസ്റ്റിംഗുകളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. എൻഐഎയ്ക്ക് പുറമെ പ്രതിരോധ മന്ത്രാലയം, കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിൽ കഴിഞ്ഞ മാർച്ചിൽ ഈ ടൂൾ വാങ്ങിയ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്, കൂടാതെ കേരളം, കർണാടക, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പോലീസ്, ഫോറൻസിക് വകുപ്പുകൾ എന്നിവരും ഈ ഇസ്രയേൽ സംവിധാനം ഉപയോഗിക്കുന്നവരിൽ ഉൾപ്പെടുന്നു. എന്നാൽ പോലീസിനോ മറ്റ് ഏജൻസികൾക്കോ എപ്പോഴൊക്കെ ഈ സംവിധാനം ഉപയോഗിക്കാം, ആരുടെയൊക്കെ ഫോണുകൾ ചോർത്താം, ശേഖരിക്കുന്ന സ്വകാര്യ വിവരങ്ങൾ എത്രകാലം സൂക്ഷിച്ചുവെക്കാം എന്നീ കാര്യങ്ങളിൽ രാജ്യത്ത് കൃത്യമായ നിയമങ്ങളോ ചട്ടങ്ങളോ ഇല്ലെന്നതാണ് ഐ.എഫ്.എഫ് ചൂണ്ടിക്കാട്ടുന്ന പ്രധാന ആശങ്ക.
ഇതൊരു യൂട്യൂബറുടെ മാത്രം പ്രശ്നമല്ലെന്നും, കഴിഞ്ഞ ഒക്ടോബറിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ പിടിച്ചെടുത്ത ധ്രുവ് റാഠിയുടെ മാതാപിതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും അടക്കം ഫോണുകളിൽ ഈ ടൂൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് ഡൽഹി പോലീസും ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെടുന്നു. സർക്കാരിന്റെ ഈ നീക്കങ്ങൾക്കെതിരെ വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയിട്ടുള്ള ഫൗണ്ടേഷൻ, രഹസ്യാന്വേഷണ ഏജൻസികളുടെ ഇത്തരം അധികാരങ്ങളെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയിൽ ഹർജിയും ഫയൽ ചെയ്തിട്ടുണ്ട്. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ഫോൺ പിടിച്ചെടുക്കൽ മാർഗ്ഗനിർദ്ദേശങ്ങൾ വരുന്നതുവരെയെങ്കിലും മാധ്യമപ്രവർത്തകർ, പ്രതിഷേധകർ, അഭിഭാഷകർ എന്നിവരുടെ ഫോണുകളിൽ ഇത്തരം ടൂളുകൾ ഉപയോഗിക്കുന്നത് നിർത്തിവെക്കണമെന്നും, കേസെടുക്കാത്ത വ്യക്തികളുടെ പകർത്തിയ വിവരങ്ങൾ ഉടൻ ഡിലീറ്റ് ചെയ്യണമെന്നും ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ ആവശ്യപ്പെടുന്നു.