28/10/2026
[fontresizer_tawhidurrahmandear_widget]

‘ടാറ്റയെ ക്രിമിനൽ സ്വഭാവത്തോടെ തകർക്കുന്നു; രാജ്യത്തെ വ്യാപാര സ്ഥാപനങ്ങളെ മോദിയും അമിത് ഷായും കളിപ്പാവയാക്കുന്നു’: രാഹുൽ ഗാന്ധി

 ‘ടാറ്റയെ ക്രിമിനൽ സ്വഭാവത്തോടെ തകർക്കുന്നു; രാജ്യത്തെ വ്യാപാര സ്ഥാപനങ്ങളെ മോദിയും അമിത് ഷായും കളിപ്പാവയാക്കുന്നു’: രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രമുഖ ഇന്ത്യൻ വ്യവസായ ശൃംഖലയായ ടാറ്റാ ഗ്രൂപ്പിനെ ക്രിമിനൽ സ്വഭാവത്തോടെ തകർക്കുകയാണെന്ന അതീവ ഗുരുതരമായ ആരോപണവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ പ്രമുഖ ബിസിനസ് തലവന്മാരും കോർപ്പറേറ്റ് പ്രമുഖരും വിഷയത്തിൽ നിശബ്ദത പാലിക്കുന്നതിനെ രൂക്ഷമായി വിമർശിച്ച രാഹുൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രാജ്യത്തെ വ്യാപാര സ്ഥാപനങ്ങളെ തങ്ങളുടെ കളിപ്പാവയായി മാറ്റുകയാണെന്നും ആഞ്ഞടിച്ചു. സമൂഹമാധ്യമമായ ‘എക്‌സി’ൽ പങ്കുവെച്ച രൂക്ഷമായ കുറിപ്പിലൂടെയാണ് രാഹുൽ ഗാന്ധി രാജ്യത്തെ പ്രമുഖ വ്യവസായികളെ വെല്ലുവിളിച്ചുകൊണ്ട് തുറന്നടിച്ചത്.

“ടാറ്റയെ അതീവ ക്രിമിനൽ ബുദ്ധിയോടെ തകർത്തുകൊണ്ടിരിക്കുകയാണ്. എന്നിട്ടും രാജ്യത്തെ ഒരു ബിസിനസ് പ്രമുഖൻ പോലും ഇതിനെതിരെ ഒരക്ഷരം മിണ്ടാൻ ധൈര്യം കാണിക്കുന്നില്ല! എത്രകാലം നിങ്ങൾ ഇങ്ങനെ വായ മൂടിക്കെട്ടി മിണ്ടാതിരിക്കും? അവർ നിങ്ങളെ പൂർണമായി സ്വന്തമാക്കുന്നത് വരെയാണോ ഈ മൗനം? ഇന്ത്യൻ വ്യവസായ ലോകം മോദിയുടെയും അമിത് ഷായുടെയും വെറുമൊരു കളിപ്പാട്ടമല്ല. സത്യം തുറന്നുപറയാൻ നിങ്ങൾക്ക് ധൈര്യമില്ലായിരിക്കാം, എന്നാൽ ഞങ്ങൾക്ക് ആ ഭയമില്ല. ഈ അനീതികൾക്കും ക്രിമിനൽ നീക്കങ്ങൾക്കും എതിരെ ഞങ്ങൾ കൃത്യമായ നീതി ഉറപ്പാക്കുക തന്നെ ചെയ്യും.”-രാഹുൽ ഗാന്ധി കുറിച്ചു.

ടാറ്റാ സൺസ് എക്‌സിക്യൂട്ടീവ് ചെയർമാനായി എൻ. ചന്ദ്രശേഖരനെ വീണ്ടും നിയമിച്ചതുമായി ബന്ധപ്പെട്ട് ടാറ്റാ ട്രസ്റ്റും ടാറ്റാ സൺസും തമ്മിൽ ഉടലെടുത്ത കടുത്ത ആഭ്യന്തര തർക്കങ്ങൾക്കിടയിലാണ് രാഹുൽ ഗാന്ധിയുടെ ഈ രാഷ്ട്രീയ കടന്നാക്രമണം. സെപ്റ്റംബർ 17-ന് ചേർന്ന ബോർഡ് യോഗത്തിൽ വെച്ച് ചന്ദ്രശേഖരനെ പുനർനിയമിച്ച പ്രമേയത്തിന്റെ സാധുതയെ ചോദ്യം ചെയ്‌ത്‌ ടാറ്റാ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ രംഗത്തെത്തിയിരുന്നു. ഡയറക്‌ടർമാർക്ക് നൽകിയ അജണ്ടയിൽ ചന്ദ്രശേഖരന്റെ കാലാവധി നീട്ടുന്ന കാര്യം വ്യക്തമാക്കിയിരുന്നില്ലെന്നും, കമ്പനിയുടെ ചട്ടങ്ങൾക്ക് വിരുദ്ധമായി പാസാക്കിയ പ്രമേയം നിയമപരമായി നിലനിൽക്കില്ലെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ടാറ്റയുടെ ആഭ്യന്തര കോർപ്പറേറ്റ് തർക്കങ്ങൾക്ക് പിന്നിൽ കേന്ദ്ര ഭരണകൂടത്തിന്റെ ഒത്താശയുണ്ടെന്ന ആരോപണമാണ് പ്രതിപക്ഷം ഇപ്പോൾ ഉയർത്തുന്നത്. രാജ്യത്തെ ഏറ്റവും വിശ്വസനീയമായ പാരമ്പര്യമുള്ള ബിസിനസ് ഗ്രൂപ്പുകളെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി ഭരണകൂടം ഇരയാക്കുകയാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഇന്ത്യൻ കോർപ്പറേറ്റ് ലോകത്തിന്റെ സ്വയംഭരണത്തിലും സുതാര്യതയിലും കേന്ദ്ര സർക്കാരിന്റെ വഴിവിട്ട സ്വാധീനമുണ്ടെന്ന പ്രതിപക്ഷത്തിന്റെ ഈ പുതിയ ആരോപണം വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറക്കുന്നത്.

Also read: