26/11/2026
[fontresizer_tawhidurrahmandear_widget]

സ്വർണവിലയിൽ വൻ തിരിച്ചുകയറ്റം; ഒറ്റയടിക്ക് വര്‍ധിച്ചത് 1920 രൂപ; യുഎസ് പലിശനിരക്ക് കൂടുന്നതോടെ വില വീണ്ടും ഇടിയാൻ സാധ്യത

 സ്വർണവിലയിൽ വൻ തിരിച്ചുകയറ്റം; ഒറ്റയടിക്ക് വര്‍ധിച്ചത് 1920 രൂപ; യുഎസ് പലിശനിരക്ക് കൂടുന്നതോടെ വില വീണ്ടും ഇടിയാൻ സാധ്യത

പ്രതികൂല സാഹചര്യങ്ങൾക്കിടയിലും സംസ്ഥാനത്ത് സ്വർണവിലയിൽ വൻ തിരിച്ചുകയറ്റം. രാജ്യാന്തര സ്വർണവില ഔൺസിന് 3,527 ഡോളറിലേക്ക് ഇടിയുകയും പിന്നീട് 3,605 ഡോളറിലേക്ക് കുതിക്കുകയും ചെയ്തു. നിലവിൽ 3,580 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇതോടെ കേരളത്തിലും ഇന്ന് വില കുത്തനെ ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഡോളറിനെതിരെ മുന്നേറിയ ഇന്ത്യൻ രൂപ ഇന്ന് 32 പൈസ ഇടിഞ്ഞ് 92.55-ലേക്ക് താഴ്ന്നതും ആഭ്യന്തര വില കൂടാൻ കാരണമായി.

കേരളത്തിൽ സ്വർണവില ഗ്രാമിന് 240 രൂപ ഉയർന്ന് 11,540 രൂപയായി. പവൻ വില 1,920 രൂപ വർധിച്ച് 92,320 രൂപയിലെത്തി. 18 കാരറ്റ് സ്വർണവില ഗ്രാമിന് 195 രൂപ ഉയർന്ന് 9,440 രൂപയായി. വെള്ളിവിലയിൽ മാറ്റമില്ല; ഗ്രാമിന് 165 രൂപ തന്നെയാണ്. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി സ്വർണവില ഗ്രാമിന് 415 രൂപയും പവന് 3,320 രൂപയും കുറഞ്ഞിരുന്നു. 90,400 രൂപയിലേക്ക് ഇടിഞ്ഞ പവൻ വിലയാണ് ഇപ്പോൾ 92,000-ന് മുകളിൽ തിരിച്ചെത്തിയത്.

അതേസമയം, യുഎസിൽ അടിസ്ഥാന പലിശനിരക്ക് ഡിസംബറിൽ കൂടുമെന്ന് ഏറക്കുറെ ഉറപ്പായതിനാൽ സ്വർണവില വൻ തിരിച്ചുവരവ് നടത്താനുള്ള സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. സെപ്റ്റംബറിലെ 3.7 ശതമാനത്തിൽ നിന്ന് ഒക്ടോബറിൽ 3.8 ശതമാനത്തിലേക്കാണ് യുഎസിൽ പണപ്പെരുപ്പം കൂടിയത്. പണപ്പെരുപ്പം രണ്ട് ശതമാനമായി നിയന്ത്രിക്കുകയാണ് യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ലക്ഷ്യം. എന്നാൽ, കഴിഞ്ഞ അഞ്ചരവർഷമായി ഈ ‘സഹനപരിധി’ക്ക് മുകളിൽ തുടരുകയാണ് പണപ്പെരുപ്പം. അതിനാൽ, ഡിസംബർ 9-ന് പ്രഖ്യാപിക്കുന്ന പണനയത്തിൽ പലിശനിരക്ക് കൂട്ടാനാണ് സാധ്യത.

പണപ്പെരുപ്പക്കണക്ക് പുറത്തുവന്നതിന് പിന്നാലെ യുഎസ് സർക്കാരിന്റെ 10-വർഷ ട്രഷറി ബോണ്ട് യീൽഡ്, യുഎസ് ഡോളർ സൂചിക എന്നിവ കുത്തനെ കൂടേണ്ടിയിരുന്നു. എന്നാൽ, ബോണ്ട് യീൽഡ് ലാഭമെടുപ്പ് സമ്മർദ്ദത്തെ തുടർന്ന് താഴേക്കാണ് നീങ്ങിയത്. ഇത് സ്വർണത്തിന് തിരിച്ചുകയറാനുള്ള പിടിവള്ളിയായി. എങ്കിലും സ്വർണം വൈകാതെ വീണ്ടും താഴുമെന്നാണ് പൊതുവിലയിരുത്തൽ. അതിന്റെ പ്രധാന കാരണങ്ങൾ ഇവയാണ്:

ബോണ്ട് യീൽഡും ഡോളറും ഉയരുന്നത്: സ്വർണ നിക്ഷേപങ്ങളിൽ നിന്ന് പലിശയോ ഡിവിഡന്റോ (ലാഭവിഹിതം) ലഭിക്കില്ല; വില കൂടിയാൽ മാത്രമേ നേട്ടമുള്ളൂ. എന്നാൽ ഡോളർ നിക്ഷേപം, ബോണ്ട് എന്നിവയിൽ നിക്ഷേപിച്ചാൽ പലിശയും ലാഭവിഹിതവും ഉൾപ്പെടെ നേടാം. അതിനാൽ നിക്ഷേപകർ സ്വർണത്തെ കൈവിട്ട് ബോണ്ടിലേക്കും ഡോളറിലേക്കും തിരിയുന്നത് സ്വർണവിലയെ താഴേക്ക് നയിക്കും.

എഐ ഓഹരികളുടെ മുന്നേറ്റം: എഐ അധിഷ്ഠിത ഓഹരികൾ ഇടിഞ്ഞത് കഴിഞ്ഞ ദിവസം ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണ നിക്ഷേപങ്ങൾക്ക് കരുത്താവുകയും സ്വർണവില കൂടുകയും ചെയ്തിരുന്നു. ഇപ്പോൾ എഐ ഓഹരികൾ വീണ്ടും നേട്ടത്തിന്റെ പാതയിലായി.

ക്രൂഡോയിൽ വില വർധന: പശ്ചിമേഷ്യയിൽ ഇറാൻ-യുഎസ്, ഹൂതി-സൗദി സഖ്യസേന സംഘർഷങ്ങളെ തുടർന്ന് ക്രൂഡോയിൽ വില വീണ്ടും കുതിപ്പാരംഭിച്ചു. എണ്ണവില കൂടുന്നത് പണപ്പെരുപ്പത്തിനും തുടർന്ന് പലിശഭാരം കൂടാനും ഇടയാക്കും. ഇത് സ്വർണവില ഇടിയാൻ കാരണമാകും.

താരിഫ് യുദ്ധം: ട്രംപ് വീണ്ടും താരിഫ് യുദ്ധത്തിന് തിരികൊളുത്തിയത് പണപ്പെരുപ്പം കൂടാൻ ഇടയാക്കും. ഇത് പലിശനിരക്ക് ഉയർത്താനും സ്വർണവില താഴാനും വഴിയൊരുക്കും.

Also read: