‘മണ്ഡല പുനർനിർണയ ബിൽ ജനാധിപത്യത്തിന് ഭീഷണി; ലക്ഷ്യം സംവരണം അട്ടിമറിക്കല്’; കേന്ദ്രത്തിന് ഭൂരിപക്ഷം ലഭിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബിൽ ജനാധിപത്യത്തിന് അപകടകരമാണെന്നും സംവരണം അട്ടിമറിക്കുകയാണ് ബില്ലിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇന്ത്യ മുന്നണി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിൽ പിന്നാക്ക വിഭാഗങ്ങളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ഖാർഗെ കുറ്റപ്പെടുത്തി. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് ഭരണഘടന അനുവദിച്ച സംവരണം ബില്ലിൽ ഉറപ്പാക്കിയിട്ടില്ലെന്നും ഇത് കടുത്ത അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള സംവരണ സീറ്റുകൾ അവരുടെ ജനസംഖ്യയ്ക്ക് ആനുപാതികമായി വർദ്ധിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബിൽ പാസാക്കാനാവശ്യമായ ഭൂരിപക്ഷം കേന്ദ്രസർക്കാരിന് ലഭിക്കില്ലെന്നും പ്രതിപക്ഷ പാർട്ടികളെ ഭിന്നിപ്പിച്ച് പിന്തുണ ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഖാർഗെ ആരോപിച്ചു.
ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തുന്നത് രാജ്യത്തിന് ദോഷം ചെയ്യുമെന്നും ബിൽ പാസായാൽ ജനാധിപത്യം അവസാനിക്കുമെന്നും ഖാർഗെ അഭിപ്രായപ്പെട്ടു. ബിജെപിയുടെ കൈകളിൽ അധികാരം കേന്ദ്രീകരിച്ചാൽ അവർ ഭരണഘടന മാറ്റിയെഴുതുമെന്നും, ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ സഖ്യത്തിന് പുറത്തുള്ള പ്രതിപക്ഷ പാർട്ടികളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള വിശാല യോഗമാണ് ഖാർഗെയുടെ വസതിയിൽ വിളിച്ചുചേർത്തത്. യോഗത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഉത്തർപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ഭാരവാഹി രാജേന്ദ്ര പാൽ ഗൗതം, കെ.സി. വേണുഗോപാൽ എന്നിവർ പങ്കെടുത്തു. സമാജ്വാദി പാർട്ടി, സി.പി.എം, ആർ.എൽ.ഡി, സി.പി.ഐ, ആർ.എസ്.പി, ആർ.ജെ.ഡി, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികളുടെ പ്രതിനിധികളും യോഗത്തിനെത്തി. ജെ.എം.എം പ്രതിനിധികൾ ഓൺലൈനായാണ് യോഗത്തിൽ പങ്കെടുത്തത്. അതേസമയം, എൻ.സി.പി (എസ്.പി) വിഭാഗവും ആം ആദ്മി പാർട്ടിയും യോഗത്തിൽ നിന്ന് വിട്ടുനിന്നു. ഇതിനിടെ, ഡി.എം.കെയുടെ പിന്തുണ നഷ്ടമായത് പ്രതിപക്ഷ നീക്കങ്ങൾക്ക് തിരിച്ചടിയായി.